Headlines

സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാൻ CPI; ഒക്ടോബർ 14ന് നിയമസഭാ മാർച്ച് നടത്തും

തിരുവനന്തപുരം: സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരത്തിനറങ്ങാൻ സിപിഐ. ഒക്ടോബർ 14ന് നിയമസഭാ മാർച്ച് നടത്താൻ തീരുമാനം. പി.എം.ശ്രീ, ലേബർകോഡ് വൈദ്യുതി പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക. വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപയുടെ ധനസഹായം നാളിതുവരെ ലഭ്യമാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണ്.

ദുരന്തം സംഭവിച്ചപ്പോള്‍ ആശ്വാസവാക്കുകളും സഹായ പ്രഖ്യാപനങ്ങളും ഉണ്ടാകുന്നു. എന്നാല്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാന്‍ ദുരിതബാധിതര്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. വെള്ളപ്പൊക്കത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട മനുഷ്യരോട് ”കാത്തിരിക്കൂ” എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല.

വീട് തകര്‍ന്നവരും, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവരും, ഉപജീവനമാര്‍ഗം തകര്‍ന്നവരും ഇന്നും വലിയ സാമ്പത്തിക പ്രയാസത്തിലാണ്. അവരുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം സമയബന്ധിതമായി നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രഖ്യാപിച്ച ധനസഹായം അടിയന്തരമായി വിതരണം ചെയ്യണം. സര്‍ക്കാര്‍ അടിയന്തരമായി കുടിശ്ശികയായ മുഴുവന്‍ ധനസഹായവും വിതരണം ചെയ്യണമെന്നും, സഹായവിതരണത്തിലെ കാലതാമസത്തിന് വ്യക്തമായ വിശദീകരണം നല്‍കണമെന്നും സി പി ഐ സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്ക് അവകാശപ്പെട്ട ധനസഹായം ലഭ്യമാക്കുന്നതിന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.