ന്യൂയോര്‍ക്ക്: നിര്‍മിത ബുദ്ധിയുടെ വികാസത്തില്‍ മുന്നറിയിപ്പുമായി എഐ കമ്പനി മേധാവികള്‍. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന് കമ്പനി മേധാവികള്‍ യുഎന്‍ രക്ഷാ സമിതിയില്‍ ആവശ്യപ്പെട്ടു. എഐ വ്യവസായത്തെ നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ആവശ്യമാണെന്നും ഇതിന് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഇത് ലോകസുരക്ഷയെ തന്നെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്കയാണ് പ്രധാനപ്പെട്ട രണ്ട് എഐ കമ്പനികള്‍ തന്നെ യുഎന്‍ സുരക്ഷാസമിതിക്ക് മുന്നില്‍ ഉയര്‍ത്തിയത്. (Sam Altman urge UN Security Council to adopt international AI standards)
ഓപ്പണ്‍ എഐ സിഇഒ സാം ഓള്ട്ടമാനും ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുമാണ് രണ്ട് വ്യത്യസ്ത പ്രസംഗങ്ങളില്‍ എഐ നിയന്ത്രിക്കേണ്ടതിനെക്കുറിച്ച് യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്. എഐ നിയന്ത്രണമില്ലാതെ വളരാന്‍ അനുവദിച്ചാല്‍ അത് മാനവരാശിയുടെ നാശത്തിന് കാരണമാകുമെന്ന് ഡാരിയോ അമോഡെ മുന്നറിയിപ്പ് നല്കി. എഐയ്ക്ക് സാധ്യമാകുന്ന ശേഷികള്‍ അളക്കുന്നതിനും ചുമതലകളും ദൗത്യങ്ങളും നല്‍കുന്നതിനും ഭീഷണികള്‍ കുറയ്ക്കുന്നതിനും മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിനും ഭാവിസുരക്ഷ ഒഴിവാക്കുന്നതിനുമായി എഐയ്ക്ക് അന്താരാഷ്ട്ര രംഗത്ത് അംഗീകരിക്കപ്പെടുന്ന മാനദണ്ഡങ്ങള്‍ കൊണ്ടുവരണമെന്നാണ് സാം ഓള്ട്ട്മാന് യുഎന്‍ രക്ഷാസമിതിക്ക് മുമ്പ് പറഞ്ഞത്.
നിര്‍മിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കില്‍ 2030നുള്ളില്‍ മനുഷ്യരാശി ഇല്ലാതാവുമെന്ന ഡാരിയോ അമോഡെയുടെ വെളിപ്പെടുത്തല്‍ എഐ വളര്‍ച്ച നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു. ഈ ചര്‍ച്ചകളെ വിവിധ എഐ കമ്പനികള്‍ പിന്തുണക്കുകയും ചെയ്തിരുന്നു. ഡാരിയോ പറഞ്ഞ അഭിപ്രായങ്ങളെല്ലാം ശരിയാണെന്നാണ് ഇലോണ്‍ മസ്ക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സ്വതന്ത്ര മൂല്യനിര്‍ണയത്തിനും വിശകലനത്തിനും എഐ കമ്പനികള്‍ സഹകരിക്കുക എന്നത് മികച്ച ആശയമായിട്ടാണ് തോന്നുന്നതെന്ന് ഡെമിസ് ഹസാബിസും കുറിച്ചു. എന്നാല്‍ അമോഡെയുടെ വിമര്‍ശനത്തെ ഒരു വിഭാഗം സംശയത്തോടെയാണ് നോക്കിക്കാണുന്നത്. രാജ്യങ്ങള്‍ ഒരു എഐ സുരക്ഷാ മാനദണ്ഡമുണ്ടാക്കണമെന്നും പരിശോധനകള്‍ക്ക് വിധേയരാകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.









