വാഷിങ്ടൻ∙ വിദേശത്തുനിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് അമേരിക്കൻ തൊഴിൽ വിപണിയിലേക്കുള്ള വഴികൾ കൂടുതൽ കടുപ്പിച്ചുകൊണ്ട് ഡോണൾഡ് ട്രംപ് ഭരണകൂടം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ‘അമേരിക്കൻ തൊഴിലാളികൾക്ക് മുൻഗണന’ നൽകുന്ന നയം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ കാർഡ് നടപടികളിലും എച്ച്-1ബി വീസ ചട്ടങ്ങളിലുമാണ് നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്.
വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസാനുമതി നൽകുന്നതിന് മുന്നോടിയായുള്ള (PERM – Labor Certification) പ്രക്രിയയിലാണ് യുഎസ് തൊഴിൽ വകുപ്പ് ഏറ്റവും വലിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. പുതിയ ചട്ടമനുസരിച്ച്, വിദേശ തൊഴിലാളിയെ നിയമിക്കുന്നതിന് മുൻപ് യോഗ്യരായ അമേരിക്കൻ പൗരന്മാരെ കണ്ടെത്താൻ കമ്പനികൾ വിപുലമായ ശ്രമങ്ങൾ നടത്തുകയും, അമേരിക്കൻ അപേക്ഷകരെ തള്ളിക്കളയുന്നതിന് കൃത്യമായ കാരണങ്ങൾ ബോധിപ്പിക്കുകയും വേണം. അമേരിക്കൻ തൊഴിലാളികൾക്ക് അർഹമായ അവസരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ മാറ്റമെന്ന് ഭരണകൂടം വ്യക്തമാക്കുന്നു.
അമേരിക്കൻ ആരോഗ്യ മേഖലയിൽ ജോലി തേടുന്ന മലയാളി നഴ്സുമാർക്കും ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്കും പുതിയ നീക്കം വലിയ തിരിച്ചടിയാണ്. നിലവിൽ ‘ഷെഡ്യൂൾ എ’ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ഇവർക്ക് സാധാരണ തൊഴിൽ വിപണി പരിശോധനകളില്ലാതെ വേഗത്തിൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഈ പ്രത്യേക ഇളവ് എടുത്തുകളയാൻ തൊഴിൽ വകുപ്പ് നിർദ്ദേശിച്ചതോടെ, ആരോഗ്യപ്രവർത്തകരുടെ ഗ്രീൻ കാർഡ് നടപടികൾക്ക് ഇനി കൂടുതൽ സമയമെടുക്കുകയും കടമ്പകൾ കൂടുകയും ചെയ്യും.
തൊഴിലാളികളെ പിരിച്ചുവിടുന്ന കമ്പനികൾക്കും പുതിയ നിയമം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിടുന്ന സ്ഥാപനങ്ങൾക്ക് വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ സാധിക്കില്ലെന്ന് മാത്രമല്ല, പിരിച്ചുവിടൽ വിവരങ്ങൾ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിൽ വകുപ്പിനെയും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനെയും നിർബന്ധമായും അറിയിക്കുകയും വേണം. ഇതോടൊപ്പം, പുതിയ എച്ച്-1ബി വീസകൾക്ക് $100,000 (ഏകദേശം 84 ലക്ഷത്തിലധികം രൂപ) വാർഷിക ഫീസ് ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ നീക്കത്തിന്മേൽ ഫെഡറൽ കോടതികളിൽ നിയമപോരാട്ടങ്ങൾ തുടരുകയാണ്.
അതേസമയം, ഒരു വശത്ത് ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയാകാൻ അടുത്തിരിക്കുകയാണെന്നും മുൻഗണനാ വ്യാപാര ആനുകൂല്യങ്ങളിൽ ധാരണയായെന്നും ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴാണ് കുടിയേറ്റ മേഖലയിൽ അമേരിക്ക ഇത്തരത്തിൽ കടുത്ത നിലപാട് സ്വീകരിക്കുന്നത്. വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും അടുക്കുന്നതായുള്ള ശുഭവാർത്തകൾക്കിടയിലും, വിദഗ്ധ തൊഴിലാളികളുടെ വീസ കാര്യത്തിൽ ഡോണൾഡ് ട്രംപ് ഭരണകൂടം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
വർധിച്ചുവരുന്ന ഈ നിയമക്കുരുക്കുകളും സാമ്പത്തിക ബാധ്യതകളും കാരണം ഐബിഎം പോലുള്ള പ്രമുഖ ടെക് കമ്പനികൾ പല തസ്തികകളിലും വിദേശ തൊഴിലാളികൾക്കുള്ള വീസ സ്പോൺസർഷിപ്പ് നിർത്തലാക്കി തുടങ്ങിയിട്ടുണ്ട്. അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കാനാണ് ഈ നടപടികളെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം അമേരിക്കയിലെ ആശുപത്രികളെയും സാങ്കേതിക മേഖലയെയും സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും ഇമിഗ്രേഷൻ അഭിഭാഷകരും മുന്നറിയിപ്പ് നൽകുന്നു.







