യുഎസിന്റെ എച്ച്-1ബി വിസ വീസയിൽ പൂർണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു
ഇരു രാജ്യങ്ങളുടെയും വ്യാപാര – വ്യവസായ പങ്കാളിത്തം ഇന്ത്യ ചൂണ്ടിക്കാട്ടി.കൂടിയാലോചനകൾ അനിവാര്യമാണ്. നൈപുണ്യ കൈമാറ്റം ഇരുരാജ്യങ്ങളുടെയും വളർച്ചയെ സഹായിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിയിൽ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്.
കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ സർക്കാർ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടികൾ. എച്ച് വൺ ബി വീസയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ നയം സാരമായി ബാധിക്കും.
മൂന്നു വർഷത്തേക്ക് സാധുതയുള്ളതും മൂന്നു വർഷത്തേക്ക് കൂടി പുതുക്കാനാകുന്നതുമായ വർക്ക് വീസയായ എച്ച് 1 ബി വീസയ്ക്ക് ഇനി മുതൽ 88 ലക്ഷം രൂപയിലേറെ ചെലവേറും. 71 ശതമാനത്തോളം എച്ച് 1 ബി വീസ ഉടമകൾ ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കാരെയാണ് നയം സാരമായി ബാധിക്കുക. ഐടി മേഖലയിലടക്കം അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം തിരിച്ചടിയാകും. വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികളിലെ നിയമനത്തിനുള്ള എച്ച് വൺ ബി വിസകൾക്ക് ചെലവേറുന്നത് തൊഴിൽദാതാക്കൾക്ക് തലവേദയാകും. വലിയ മുതൽ മുടക്കിൽ വിദേശികളെ കൊണ്ടുവരുന്നതിൽ നിന്ന് കമ്പനികൾ വിട്ടുനിന്നേക്കും. ട്രംപിന്റെ നിർദേശം വന്നതോടെ നാളെ തിരികെയെത്തണമെന്ന് വിദേശ ജീവനക്കാർക്ക് ടെക് ഭീമൻ മൈക്രോസോഫ്റ്റ് നിർദേശം നൽകി.
അതേസമയം, ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നടപടികളെ സ്വാഗതം ചെയ്ത് യു എസ് വാണിജ്യ സെക്രട്ടറി ഹോവാഡ് ലുട്നിക് രംഗത്തെത്തി. ഒരു ലക്ഷം ഡോളർ നൽകി യു എസിലേക്ക് കൊണ്ടുവരാൻ മാത്രം യോഗ്യരാണോ അപേക്ഷകരെന്നും കമ്പനികൾ തീരുമാനിക്കണമെന്നും യു എസ് വാണിജ്യ സെക്രട്ടറി പറഞ്ഞു. എച്ച് വൺ ബി വിസ ഫീ വർധന വരുമെന്ന വാർത്തയെത്തുടർന്ന് ഐടി ഓഹരികൾ നഷ്ടം നേരിട്ടു. ഇൻഫോസിസിന്റെയും കോഗ്നിസന്റിന്റെയും ഓഹരി വില ഇടിഞ്ഞു. ഗ്രീൻ കാർഡിന് ബദലായി വിഭാവനം ചെയ്യുന്ന ഗോൾഡൻ കാർഡിന് 10 ലക്ഷം രൂപയാണ് ചെലവ്.