Headlines

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത നിർമാണം നിലച്ചിട്ട് 4 മാസം; വാദങ്ങൾ പലത്; പദ്ധതി യാഥാർഥ്യമാകുമോ?

മേപ്പാടി ∙ താമരശ്ശേരി ചുരത്തിൽ ദുരിതയാത്ര തുടരുമ്പോഴും, അതിനു പരിഹാരമാകുമെന്നു പ്രഖ്യാപിക്കപ്പെട്ട ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാതയുടെ ഭാവി തുലാസിലാണ്. തുരങ്കപ്പാത നിർമാണം വൈകുന്നതു കാരണം യാത്രാദുരിതം തുടരുന്നതിൽ പ്രദേശവാസികൾ അടക്കം പ്രതിഷേധിക്കുമ്പോഴും നടപടികൾ ഇഴയുകയാണ്. 4 വർഷം കൊണ്ടു പൂർത്തിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിയാണു സാങ്കേതിക കുരുക്കിൽപെട്ടത്. കഴിഞ്ഞ ജൂലൈ 7ന് കള്ളാടിയിൽ തുരങ്കപ്പാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഇരുതുരങ്കമുഖങ്ങളിലും നിർമാണം അടിയന്തരമായി നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടത്. ‌‌ദുരന്തത്തിൽ 8 തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്.

ഇതേതുടർന്ന്, തുരങ്കപ്പാതയുടെ പരിസ്ഥിതി–സുരക്ഷാ പ്രശ്നങ്ങൾ പഠിച്ച് ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ 5 അംഗ വിദഗ്ധസമിതി രൂപീകരിക്കുകയും ചെയ്തു. എന്നാൽ, സമിതി ഇതുവരെയായിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്ക് കാരണം. നിർമാണ ചുമതലയുള്ള കമ്പനി, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരിൽ നിന്നും ഇനിയും ചില രേഖകൾ സമിതിക്കു ലഭിക്കാനുണ്ട്. ഇതു കൂടി ലഭിച്ചാലേ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാനാകൂ. സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിർമാണം തുടരുന്നതു സംബന്ധിച്ച് സർക്കാരിനും തീരുമാനമെടുക്കാൻ കഴിയുകയുള്ളു.

ഇതിനിടെ, റിപ്പോർട്ട് വൈകിപ്പിച്ചു പദ്ധതി അട്ടിമറിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. നിർമാണം പുനരാരംഭിച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് സിപിഎം തീരുമാനം. എന്നാൽ, കഴിഞ്ഞ സർക്കാർ കൊണ്ടുവന്നതാണെങ്കിലും പദ്ധതിക്കു പൂർണമായി എതിരല്ലെന്നതാണു പുതിയ സർക്കാരിന്റെ നിലപാട്. അപകടസാധ്യതകൾ പൂർണമായും ഒഴിവാക്കി നിർമാണം പുനരാരംഭിക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞമാസം നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

വാദങ്ങൾ പലത്; പദ്ധതി യാഥാർഥ്യമാകുമോ
സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കി നിർമാണം പുനരാരംഭിക്കണമെന്നാണു ഭൂരിഭാഗം നാട്ടുകാരുടെയും അഭിപ്രായം. എന്നാൽ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി പൂർണമായും റദ്ദാക്കണമെന്നാണു പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്. ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയാകാത്ത വിധത്തിൽ ശാസ്ത്രീയമായ പഠനങ്ങളുടെയും സുരക്ഷാ പരിശോധനകളുടെയും അടിസ്ഥാനത്തിൽ മാത്രമേ നിർമാണം മുന്നോട്ടു കൊണ്ടുപോകാവു എന്നാണു നാട്ടുകാരുടെ ആവശ്യം.

അധികൃതരുടെയും നിർമാണ കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കു നാടിന്റെ വികസനം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണു നാട്ടുകാർ. പശ്ചിമ ഘട്ടത്തെക്കാൾ പാരിസ്‌ഥിതികമായി ദുർബലാവസ്ഥയിലുള്ള ഹിമാലയം ഉൾപ്പെടെയുള്ള മലനിരകളിൽ വൻ തുരങ്കപ്പാതകളുടെ നിർമാണം നടക്കുന്നതും കണക്കിലെടുക്കണം. ബാണാസുര പദ്ധതി ഭാഗമായി കക്കയത്തേക്കുള്ള തുരങ്കം ഉൾപ്പെടെ വയനാട്ടിലും ഇടുക്കിയിലുമെല്ലാം നേരത്തെ തന്നെ ഒട്ടേറെ തുരങ്കങ്ങൾ ഉണ്ടെന്നും അവയെല്ലാം ഇന്നും സുരക്ഷിതമാണെന്നും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.

വനമേഖലയിൽ പരിസ്ഥിതി ലോലപ്രദേശത്തു കൂടി കടന്നുപോകുന്ന പദ്ധതിയായതിനാൽ പാറ പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ള നിർമാണം പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകരാൻ ഇടയാക്കുമെന്നു പദ്ധതിയുടെ തുടക്കംമുതൽ പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകിയിരുന്നു. ഇത് കണക്കിലെടുത്തു പദ്ധതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ലഭിച്ച അനുമതി കൂടി ഉൾപ്പെടുത്തി തുരങ്കനിർമാണം ആരംഭിക്കുകയായിരുന്നു.

നിർമാണത്തിനു തുടക്കമിട്ട് പാറ പൊട്ടിക്കുന്നതിനായി ബ്ലാസ്റ്റിങ് (ചെറുസ്ഫോടനം) രീതി നടപ്പാക്കിയതും പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു.2019ലെ പുത്തുമല ഉരുൾപൊട്ടൽ പ്രദേശത്തു നിന്നും 800 മീറ്ററും 2024ലെ കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമായ ചൂരൽമല–മുണ്ടക്കൈ മേഖലയിൽ നിന്നും ഏകദേശം 5 കിലോമീറ്ററും മാത്രം അകലെയാണ് തുരങ്കപ്പാതയുടെ കള്ളാടിയിലുള്ള പ്രവേശന കവാടമെന്ന വാദവും പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നു. ഇൗ സാഹചര്യത്തിൽ പരിസ്ഥിതി ആശങ്കകൾ കൂടി വിലയിരുത്തിയാകും വിദഗ്ധ സമിതി റിപ്പോർട്ടെന്നാണു സൂചന.

റിപ്പോർട്ട് എന്ന് സമർപ്പിക്കും
ജിയോളജിസ്റ്റ്, ഇക്കോളജിസ്റ്റ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, മരാമത്ത് സെക്രട്ടറി, ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കഴിഞ്ഞ ജൂലൈ 11നാണ് സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചത്. മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്തുക, നിർമാണക്കമ്പനി കരാർ ലംഘിച്ചോ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതിയിൽ അപാകതയുണ്ടായോ എന്നിവ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും റിപ്പോർട്ട് സർക്കാരിന് മുൻപിലേക്കെത്തിയിട്ടില്ല. നിർമാണം പുനരാരംഭിക്കണോ എന്നു തീരുമാനിക്കുന്നതിൽ ഈ റിപ്പോർട്ട് നിർണായകമാണ്. ഇതിനിടെ, മീനാക്ഷിയിൽ ദുരന്തമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് എങ്ങനെ സുരക്ഷിതമായി നീക്കം ചെയ്യാം എന്നതിനെ കുറിച്ചു പഠിക്കാൻ സർക്കാർ നിയോഗിച്ച 3 അംഗ സമിതി റിപ്പോർട്ട് നൽകുകയും തുടർനടപടിയിലേക്കു കടക്കുകയും ചെയ്തിട്ടുണ്ട്.