Headlines

വരുമോ പുതിയ ജില്ലകൾ?, ജില്ലാ രൂപീകരണ ചർച്ച സജീവമാക്കി മുഖ്യമന്ത്രി; മൂവാറ്റുപുഴ ജില്ല ആദ്യം പ്രഖ്യാപിച്ചത് കെ.കരുണാകരൻ

തിരുവനന്തപുരം ∙ കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ 1982ൽ നടത്തിയതിനു സമാനമായ പ്രഖ്യാപനമാണ് ഇന്നലെ മൂവാറ്റുപുഴയിൽ മുഖ്യമന്ത്രി വി.ഡി.സതീശനും നടത്തിയത്. സംസ്ഥാന സർക്കാർ ഡീലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കുമെന്നും മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം കൂടി അവർ പരിഗണിക്കും എന്നുമാണു മുഖ്യമന്ത്രി പറഞ്ഞത്. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷച്ചടങ്ങിനിടെ, ജില്ലാ രൂപീകരണം സംബന്ധിച്ച മാത്യു കുഴൽനാടൻ എംഎൽഎയുടെ ആവശ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ പ്രതികരണം.ഇനിയൊരു ജില്ല കേരളത്തിൽ രൂപീകരിക്കുന്നത് മൂവാറ്റുപുഴ ആയിരിക്കുമെന്നാണു കെ.കരുണാകരൻ 44 വർഷം മുൻപു പ്രഖ്യാപിച്ചത്. പത്തനംതിട്ട ജില്ലാ രൂപീകരണത്തിനു ശേഷമായിരുന്നു അത്. എന്നാൽ, 2 വർഷത്തിനുശേഷം കേരളത്തിൽ അവസാനമായി ഒരു ജില്ലകൂടി രൂപീകരിച്ചപ്പോൾ അതു മൂവാറ്റുപുഴയായിരുന്നില്ല; 1984ൽ കാസർകോട് ആണ് കേരളത്തിൽ അവസാനം രൂപംകൊണ്ട ജില്ല.

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചു പഠിക്കാൻ കമ്മിഷനെ നിയമിക്കുമെന്നത് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിലെ നിർദേശമാണ്. എന്നാൽ, അതിൽ പഠനവിഷയമാക്കുന്ന ജില്ലാ ശുപാർശകളെക്കുറിച്ചു പറഞ്ഞിരുന്നില്ല. മൂവാറ്റുപുഴ േകന്ദ്രമാക്കി ജില്ല രൂപീകരിക്കണമെന്ന നാട്ടുകാരുടെ പൊതുവികാരം പഠന കമ്മിഷൻ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതോടെ ജില്ലാ രൂപീകരണ ചർച്ചകൾ വീണ്ടും സജീവമായി. ഇടുക്കിയിലെ ദേവികുളം, തൊടുപുഴ നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, പിറവം മണ്ഡലങ്ങളും പെരുമ്പാവൂരിന്റെ ഭാഗങ്ങളും ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാണ് അരനൂറ്റാണ്ടിലധികമായുള്ള ആവശ്യം.ദേശീയ ശരാശരിയെക്കാൾ കൂടുതൽ ജനസംഖ്യയുള്ള ജില്ലകളെ വിഭജിച്ചു ഭരണസൗകര്യാർഥം പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കണമെന്ന ആവശ്യം കാലങ്ങളായുണ്ട്. പുതിയ സെൻസസ് വിവരങ്ങൾ പുറത്തുവന്ന ശേഷം ജനസംഖ്യാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും പുതിയ ജില്ലാ വിഭജനം സംബന്ധിച്ചു സർക്കാർ തീരുമാനമെടുക്കുക.