മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന ഷോയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിക്കാരനും പ്രവാസി വ്യവസായിയുമായ ബെന്നി. രണ്ട് ഘട്ടമായിട്ടാണ് ആദി പണം വാങ്ങിയിരുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും പരിഹാസവും നേരിടേണ്ടിവന്നു.അങ്ങിനെയാണ് പൊലീസിൽ പരാതിപ്പെടേണ്ടി വന്നത്. പണം വാങ്ങിയതിന് ശേഷം ലാഭമോ,മുടക്കിയ തുകയോ മടക്കി നൽകിയില്ല. ഷോ ഡയറക്ടർ ജിസ് ജോയി ആണെന്നാണ് ആദി പറഞ്ഞിരുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ബെന്നി ട്വന്റി ഫോറിനോട് പറഞ്ഞു.വ്യവസായി ബെന്നിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് ആദി അടക്കമുള്ള 4 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ തുടർ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസിൻ്റെ നീക്കം. പരാതിക്കാരനായ ബെന്നിയുടെ വിശദമായ മൊഴിയെടുക്കും. വിദേശത്തുള്ള ആദി നാട്ടിലെത്തിയ ശേഷം തുടർനടപടികളിലേക്ക് കടക്കും. കേസിൽ നാലാം പ്രതിയായ സംവിധായകൻ ജിസ് ജോയുടെ അടക്കം മൊഴി പൊലീസ് ശേഖരിക്കും.
‘ഷോയുടെ ലാഭം വാഗ്ദാനം ചെയ്താണ് മെന്റലിസ്റ്റ് ആദി 35 ലക്ഷം രൂപ വാങ്ങിയത്’; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി, പരാതിക്കാരൻ ബെന്നി







