കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്. കെപിസിസി നിർദേശിച്ച മന്ദണ്ഡങ്ങൾ പാലിച്ചില്ല. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞിട്ട് വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്റിനോട് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിനു മുൻപ് ആശയവിനിമയം നടത്തിയില്ല. കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണമായിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചു. കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഒരു വിഷമവുമില്ല. കെപിസിസി തീരുമാനത്തിന് ഒപ്പം നിൽക്കും. ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അവർ തിരുത്തട്ടെയെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.
ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടുമെന്നാണ് ഒദ്യോഗിക പ്രഖ്യാപനം വന്നത്.
ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും.
ഇന്നലെ ചേർന്ന പാർലമെന്റെ പാർട്ടി യോഗത്തിൽ വികെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. വികെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വർഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദമാണ് ദീപ്തിയ്ക്കു വിനയായത്. നിയമസഭ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.









