കൗൺസിലർ വാക്കുപാലിച്ചു, ഉപഹാരമായി ലഭിച്ച പുസ്തകങ്ങൾ സ്കൂളിന് കൈമാറി

തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉപഹാരമായി ലഭിച്ച പുസ്തകങ്ങൾ താൻ പഠിച്ച സ്കൂൾ ലൈബ്രറിക്ക് കൈമാറി കൗൺസിലർ മാതൃകയായി. കൊച്ചി കോർപ്പറേഷൻ 46-ാം ഡിവിഷനിലേക്ക് മത്സരിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി വി.പി. ചന്ദ്രനാണ് തിരഞ്ഞെടുപ്പ് വേദിയിൽ പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കിയത്.

തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകുന്ന യോഗങ്ങളിൽ ആരും പ്ലാസ്റ്റിക് മാലകളോ ഷാളുകളോ മറ്റ് ഉപഹാരങ്ങളോ നൽകേണ്ടെന്നും, തനിക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകിയാൽ മതിയെന്നുമായിരുന്നു സ്ഥാനാർത്ഥിയായിരുന്ന വി.പി. ചന്ദ്രന്റെ അഭ്യർത്ഥന. തനിക്ക് ലഭിച്ച പുസ്തകങ്ങൾ പഠിച്ച സെന്റ് ജോർജ് സ്കൂൾ ലൈബ്രറിക്കായി കൈമാറുമെന്നും വി.പി. ചന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയ ചന്ദ്രൻ തനിക്ക് ലഭിച്ച പുസ്തകങ്ങൾ സ്കൂൾ അധികൃതർക്ക് കൈമാറി.

സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൗൺസിലർ വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കവിയും സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റുമായ ആർ. രാജശേഖരൻ സെന്റ് ജോർജ് സ്കൂളിലെ പ്രധാന അധ്യാപികമാരായ സിസ്റ്റർ ഹിത മരിയ, സിസ്റ്റർ സീന ജോസ് എന്നിവർക്കു പുസ്തകങ്ങൾ കൈമാറി. പൂർവവിദ്യാർത്ഥികൂടിയായ കൗൺസിലറുടെ ഈ തീരുമാനം മാതൃകാപരമാണെന്നും, പുതുതലമുറയ്ക്ക് വായനയുടെ പുതിയ ലോകത്തേക്ക് സഞ്ചരിക്കാൻ ഇത്തരം ഇടപെടലുകൾ ഊർജം പകരുമെന്നും ആർ. രാജശേഖരൻ അഭിപ്രായപ്പെട്ടു. എ. രതീഷ് കുമാർ, ശ്രീനി മേനോൻ, ജെയ്മോൻ തോട്ടുപുറം, പി.സി. വർഗീസ്, ഗോഡ് വിൻ മാർക്കോസ്, ടി.വി. അജിമോൻ തുടങ്ങിയവർ സംസാരിച്ചു.