വാളയാർ ആൾക്കൂട്ടക്കൊലപാതക കേസിൽ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. SC/ST അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിനുണ്ടായത് ഗുരുതര വീഴ്ച സംഭവിച്ചതായി വിമർശനം ഉയര്‍ന്നു. കൃത്യത്തിൽ പങ്കെടുത്തവരെ പിടികൂടുന്നതിലും ദൃശ്യങ്ങൾ ശേഖരിക്കുന്നതിലും പിഴവ് സംഭവിച്ചു.
ധനസഹായത്തോടൊപ്പം ഗുരുതര വകുപ്പുകൾ കൂടി ചുമത്തണമെന്നായിരുന്നു രാം നാരായണൻ്റെ കുടുംബത്തിൻ്റെ ആവശ്യം. കുടുംബത്തിന് അധികൃതർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് എസ്‍സി – എസ്‍ടി അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ പൊലീസ് തയാറായത്.
രാംനാരായണൻ്റെ മൃതദേഹം ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോയി. മരണത്തിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ദുഃഖംരേഖപ്പെടുത്തി. രാം നാരായണന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ 5 ലക്ഷം രൂപ ധനസഹായം നൽകും. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.









