ഐ.സി.സി വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ന്യൂസിലാന്റിനെതിരെ. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ് വീതമാണ് ഇന്ത്യയുടേയും കിവീസിന്റെയും അക്കൗണ്ടിലുള്ളത്. എങ്കിലും റൺ റേറ്റ് നോക്കുമ്പോൾ ഇന്ത്യ ന്യൂസിലാന്റിനെകാളും ഏറെ മുന്നിലാണ്
കളിച്ച ആറ് മത്സരങ്ങളിൽ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഓസ്ട്രേലിയ 11 പോയിന്റോടെ ഒന്നാം സ്ഥാനത്തും, ആറ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റോടെ പ്രോട്ടീസ് വനിതകൾ നിലവിൽ രണ്ടാം സ്ഥാനത്തുമാണ്. ആറിൽ നാല് മത്സരങ്ങൾ വിജയിച്ച ഇംഗ്ലണ്ട് 9 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. അങ്ങനെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നി മൂന്ന് ടീമുകൾ സെമിയുറപ്പിച്ചപ്പോൾ നാലാം സ്ഥാനത്തിനായി നടക്കുന്നത് കനത്ത പോരാട്ടം. ഇന്ത്യ, ന്യൂസിലാന്റ്, ശ്രീലങ്ക എന്നി മൂന്നു ടീമുകൾക്കും ഒരുപോലെ സാധ്യത നിലനിൽക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ശേഷിക്കുന്ന മത്സരങ്ങൾ ടീമുകൾക്ക് ഏറെ നിർണായകമാണ്.
റൗണ്ട് മത്സരങ്ങളിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തുടങ്ങിയ ഇന്ത്യ, പിന്നീടുള്ള മൂന്നു മത്സരങ്ങളിലും തോൽവി നേരിട്ടതാണ് തിരിച്ചടിയായത്. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസീസിനോടും 3 വിക്കറ്റിന് തോറ്റ ഇന്ത്യ അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനോട് നാല് റൺസിനും പരാജയപ്പെട്ടിരുന്നു.
ഹർമൻപ്രീത് കൗറിനും സംഘത്തിനും ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ സെമി ഉറപ്പിക്കാം. ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ. അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ഇന്ത്യ നിലവിൽ നാലാം സ്ഥാനത്തതാണ്. കീവീസിനെ പരാചയപ്പെടുത്തിയാലും ഇന്ത്യയ്ക്ക് സെമി സാധ്യതയുണ്ട്. ന്യൂസിലൻഡിനെതിരെ ജയിക്കുകയും ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ ഇന്ത്യക്ക് ആറു പോയന്‍റാകും. ലങ്ക അത്ഭുതം കാണിച്ചില്ലെങ്കിൽ മികച്ച റൺ റേറ്റുള്ള ഇന്ത്യക്ക് സെമിയിൽ കടക്കാനുമാകും.





