Headlines

കേരള സർവകലാശാലയിൽ RSS അജണ്ട നടപ്പിലാക്കുന്നു, UDF സർക്കാർ പിന്തുണ നൽകുന്നു: ഐഷി ഘോഷ്

കാസർഗോഡ്: കേരള സർവകലാശാലയിലെ വിദ്യാർത്ഥി രാഷ്ട്രീയ നിരോധന മാർഗ രേഖയിലൂടെ നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയെന്ന് എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. ഗവർണറെയും വൈസ് ചാസലറെയും ഉപയോഗിച്ചാണ് ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നത്. കേരളത്തിൽ ഇത് നടക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കിയെന്ന് ഐഷി ഘോഷ് പറഞ്ഞു. തമിഴ്നാട്ടിൽ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലും ഇതേ നയം നടപ്പിലാക്കുന്നു ഐഷി ഘോഷ് കുറ്റപ്പെടുത്തി.

കേരളത്തിൽ യുഡിഎഫ് സർക്കാർ ഇതിന് പിന്തുണ നൽകുകയാണ് ചെയ്യുന്നത്. ഇത്തരം വിഷയങ്ങളിൽ യുഡിഎഫ് സർക്കാർ കൃത്യമായ നിലപാട് എടുക്കുന്നില്ലെന്ന് ഐഷി ഘോഷ് പറഞ്ഞു. ഡൽഹി സർവകലാശാലയിലെ എബിവിപിയുടെ വിജയം സിജെപി സമരത്തിനുള്ള തിരച്ചടിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും ഐഷി ഘോഷ്. എബിവിപിക്ക് വോട്ട് കുറയുകയാണ് ചെയ്തത്. സിജെപി സമരത്തിന് ക്യാമ്പസുകളിൽ വലിയ അംഗീകാരം കിട്ടി. സർവകലാശാല അഡ്മിനിസ്ട്രേഷൻ പൂർണമായി എബിവിപി വിജയത്തിനായി പ്രവർത്തിച്ചെന്ന് ഐഷി ഘോഷ് ആരോപിച്ചു.

കലാലയ രാഷ്ട്രീയ പ്രവർത്തനത്തിന് നിയന്ത്രണം കൊണ്ടുവരുന്ന കരട് റിപ്പോർട്ട് പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ക്യാമ്പസുകളിൽ കൊടിനാട്ടൽ, മുദ്രാവാക്യങ്ങൾ, സംഘടനയുടെ ചിഹ്നങ്ങൾ തുടങ്ങിയവ പാടില്ലെന്നും, ഒരു വിദ്യാർത്ഥിയും രാഷ്ട്രീയ പാർട്ടികളുടെ ഭാഗമാകരുത് എന്നുമായിരുന്നു നിർദ്ദേശങ്ങൾ. സർവകലാശാല തയ്യാറാക്കിയ കരടിൻ്റെ പകർപ്പ് ആകെ ലഭ്യമായത് ഉദ്യോഗസ്ഥർക്കും സിൻഡിക്കേറ്റ് അംഗം അജയ് ജുവൽ കുര്യാക്കോസിനുമാണ്. എന്നാൽ ഉദ്യോഗസ്ഥർ തയ്യാറാക്കിയ കരട് രേഖ പരസ്യമായത് എങ്ങനെയെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഒരുങ്ങുകയാണ് സർവ്വകലാശാല. ലീഗൽ, അഡ്മിനിസ്ട്രേറ്റീവ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് അന്വേഷണ പരിധിയിൽ വരുന്നത്. വീഴ്ച കണ്ടെത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കാനാണ് സർവകലാശാല തീരുമാനം. അതേസമയം കരടിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.