മലപ്പുറം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ വിദ്യാർഥി രാഷ്ട്രീയം വിലക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ പ്രതികരണവുമായി താനൂർ എംഎൽഎ പി കെ നവാസ് എംഎൽഎ രംഗത്തെത്തി. രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാല. കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ക്യാമ്പസുകൾ കേവലം ക്ലാസ് മുറികളല്ല. അവിടെ ചോദ്യങ്ങളുണ്ടാകും. വിയോജിപ്പുകളുണ്ടാകും. സംവാദങ്ങളുണ്ടാകും. സമരങ്ങളുണ്ടാകും. രാഷ്ട്രീയ ഇടപെടലുകളുമുണ്ടാകും. അതാണ് ജനാധിപത്യത്തിന്റെ ശ്വാസം. വ്യാജന്മാരെയും അക്രമങ്ങളെയും സമരാഭാസങ്ങളെയും ന്യായീകരിക്കേണ്ടതില്ല. ആയുധങ്ങളും, ചോരയും, അക്രമവും ചേർത്ത് മഹത്തായ വിദ്യാർത്ഥി രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്നവർക്കെതിരെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നടപടി വേണമെന്നും പി കെ നവാസ് ആവശ്യപ്പെട്ടു.
കേരളം വളർന്നത് സമരങ്ങളിലൂടെയാണ്. അവകാശങ്ങൾ ആരും തളികയിൽ വെച്ച് നൽകിയ ചരിത്രമല്ല കേരളത്തിന്റേത്. പൊരുതി നേടിയെടുത്ത അവകാശങ്ങളുടെ ചരിത്രമാണ് കേരളത്തിന്റേത്. അതുകൊണ്ട്, വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് മേൽ നിയന്ത്രണത്തിന്റെ കരിനിഴൽ വീഴ്ത്തുന്ന ഏത് കരടിനെയും അവജ്ഞയോടെ തള്ളിക്കളയണമെന്നും പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചത്
രാജ്ഭവന്റെ അജണ്ട നടപ്പാക്കാനുള്ള ഇടമല്ല കേരള സർവകലാശാല.
കലാലയ രാഷ്ട്രീയത്തിന്റെ കഴുത്തിൽ കത്തി വെക്കുന്ന തരത്തിലുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ല.
UDF സർക്കാരിന്റെ നിലപാട് ജനാധിപത്യത്തിനൊപ്പമാണ് , ക്യാമ്പസുകളിലെ വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പമാണ്.
വൈസ് ചാൻസലർക്കും സർവകലാശാലാ അധികാരികൾക്കും അധികാരമുണ്ട്.
പക്ഷേ ആ അധികാരം ജനാധിപത്യ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ലൈസൻസല്ല.
ക്യാമ്പസുകൾ കേവലം ക്ലാസ് മുറികളല്ല.
അവിടെ ചോദ്യങ്ങളുണ്ടാകും.
വിയോജിപ്പുകളുണ്ടാകും.
സംവാദങ്ങളുണ്ടാകും.
സമരങ്ങളുണ്ടാകും.
രാഷ്ട്രീയ ഇടപെടലുകളുമുണ്ടാകും.
അതാണ് ജനാധിപത്യത്തിന്റെ ശ്വാസം.
വ്യാജന്മാരെയും അക്രമങ്ങളെയും സമരാഭാസങ്ങളെയും ന്യായീകരിക്കേണ്ടതില്ല.
ആയുധങ്ങളും, ചോരയും, അക്രമവും ചേർത്ത് മഹത്തായ വിദ്യാർത്ഥി രാഷ്ട്രീയത്തെ മലിനപ്പെടുത്തുന്നവർക്കെതിരെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നടപടി വേണം.
പക്ഷേ ചിലരുടെ തെറ്റിന് ശിക്ഷയായി മുഴുവൻ കലാലയ രാഷ്ട്രീയത്തെയും ശ്വാസംമുട്ടിക്കാനാവില്ല.
എലിയെ പേടിച്ച് ഇല്ലം ചുടരുത്.
എലിയെ പിടിക്കാനുള്ള കഴിവാണ് കാണിക്കേണ്ടത്.
കേരളം വളർന്നത് സമരങ്ങളിലൂടെയാണ്.
അവകാശങ്ങൾ ആരും തളികയിൽ വെച്ച് നൽകിയ ചരിത്രമല്ല കേരളത്തിന്റേത്.
പൊരുതി നേടിയെടുത്ത അവകാശങ്ങളുടെ ചരിത്രമാണ് കേരളത്തിന്റേത്.
അതുകൊണ്ട്, വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾക്ക് മേൽ നിയന്ത്രണത്തിന്റെ കരിനിഴൽ വീഴ്ത്തുന്ന ഏത് കരടിനെയും അവജ്ഞയോടെ തള്ളിക്കളയണം.
ക്യാമ്പസുകളിൽ വീണ്ടും ജനാധിപത്യത്തിന്റെ
വർണ്ണപ്പകിട്ടുള്ള പതാകകൾ പാറിപ്പറക്കട്ടെ.
അത് തടയാൻ കഴിയുന്നിലെങ്കിൽ ഒരു തുണ്ട് പേപ്പറിൽ ഇങ്ങനെ മാത്രം എഴുതി നൽകുക:
“I’m not capable of doing this, so I’m resigning.”
പികെ നവാസ്






