ഐപിഎൽ പതിനാലാം സീസണിൽ ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച മെയ് 29ന് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. 31 മത്സരങ്ങളാണ് ടൂർണമെന്റിൽ ബാക്കിയുള്ളത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഐപിഎൽ തുടങ്ങാനാണ് ബിസിസിഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ്. മൂന്നും നാലും ടെസ്റ്റും തമ്മിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇത് കുറയ്ക്കാൻ ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെടും.
30 ദിവസങ്ങൾ കൊണ്ട് 31 മത്സരങ്ങൾ പൂർത്തിയാക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അഞ്ച് ദിവസം നോക്കൗട്ട് മത്സരങ്ങൾക്കായി മാറ്റിവെക്കണം. ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടി വരും.