Headlines

‘മോദിയുടെ സർട്ടിഫിക്കറ്റ് കോൺഗ്രസിന് വേണ്ട’; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് രംഗത്ത്. കേരളത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെ കുറിച്ചോ കേരളത്തിന്റെ മുന്‍ഗണനാ ക്രമങ്ങളെ കുറിച്ചോ പറയാന്‍ നാവനക്കിയില്ല. പകരം പറയുന്നത് വര്‍ഗീയത മാത്രം. കേരളത്തില്‍ ബിജെപിയുടെയും സംഘ്പരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി. പക്ഷെ ഇത് മതേതര കേരളമാണെന്ന് മോദിക്കും ബിജെപിക്കും ഉടന്‍ ബോധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല വി ഡി സതീശൻ പറഞ്ഞു.

കോണ്‍ഗ്രസിന്റേയും ലീഗിന്റെയും യുഡിഎഫിന്റെയും മുന്‍ഗണനാ പട്ടികയില്‍ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വര്‍ഗീയ ശക്തികളെ ഈ മണ്ണില്‍ കുഴിച്ചു മൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വര്‍ഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ല. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്ര മോദിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല വി ഡി സതീശൻ വ്യക്തമാക്കി.