സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. പാർട്ടിയിലെ അഴിമതി നേതൃത്വത്തെ നേരിട്ടറിയിച്ചിട്ടും നടപടിയുണ്ടായില്ല. പാർട്ടി ഫണ്ട് തിരിമറിയിൽ പയ്യന്നൂർ എംഎൽഎക്കെതിരെ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ല. തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.ടി ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവർ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടത്തി. ധനരാജ് രക്തസാക്ഷി ഫണ്ട്, ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേട് നടത്തി. കെട്ടിട നിർമ്മാണ ഫണ്ടിനായുള്ള രസീത് മധുസൂദനൻ വ്യാജമായി നിർമ്മിച്ചു. കെട്ടിട നിർമ്മാണത്തിനായി സഹകരണ ജീവനക്കാരുടെ ഇടയിൽ നിന്ന് പിരിച്ച 70 ലക്ഷം രൂപ കാണാനില്ലെന്നും വരവിലും ചെലവിലും ക്രമക്കേട് നടത്തിയെന്നും വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി.ക്രമക്കേട് സംബന്ധിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും ഒരു കാര്യവും ഉണ്ടായില്ല. തെളിവുകൾ ഉൾപ്പെടെ പാർട്ടിക്ക് നൽകിയിരുന്നു. കോടിയേരിയോട് നേരിട്ട് കാര്യങ്ങൾ പറഞ്ഞിരുന്നു. അന്വേഷണ കമ്മീഷൻ പരാതിക്കാരനെ ക്രൂശിച്ചു, ആരോപണ വിധേയരെ സംരക്ഷിച്ചു. പാർട്ടിയിൽ പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് പുറത്തു പറയുന്നതെന്നും നടപടിയെ ഭയപ്പെടുന്നില്ലെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തന്റെ പുസ്തകത്തിൽ കുറെ കാര്യങ്ങൾ സൂചിപ്പിച്ചിട്ടുണ്ടെന്നും പുസ്തകത്തിന് അനുമതി ചോദിക്കാതിരുന്നത് അനുമതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. തന്നെ ആക്രമിക്കുമെന്ന് ചിലർ തന്നോട് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പാർട്ടിയിൽ വിഭാഗീയത ഉണ്ടാക്കാനുള്ള പരിശ്രമം ഉണ്ടാക്കിയിട്ടില്ല. വിമർശമനവും സ്വയം വിമർശനവുമാണ് പാർട്ടിയുടെ ജീവവായു. സി പി ഐ എം വിട്ട് മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.







