Headlines

‘നമ്മുടെ ആളുകളെ സഹായിച്ചിട്ട് പണം തിരിച്ചടച്ചില്ല’; ബിജെപിയെ വെട്ടിലാക്കി തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ്

ബിജെപിയെ വെട്ടിലാക്കി തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കോർപ്പറേഷൻ കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യാ കുറിപ്പ്. നമ്മുടെ ആൾക്കാരെ സഹായിച്ചുവെന്നും, വായ്പയെടുത്തവർ പല സമയം പറഞ്ഞ് തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കിയെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

എല്ലാ സംഘങ്ങളിലും ഉള്ളതുപോലെ ഇപ്പോൾ പ്രതിസന്ധിയുണ്ട്. ഇതുവരെ എഫ്‌ഡി കൊടുക്കേണ്ട എല്ലാവർക്കും കൊടുത്തു. നേരത്തെ പോലെ ചിട്ടിയുള്ള ദിവസ വരുമാനം ഇല്ലാതെയായി. എഫ്‌ഡിയുള്ള ആളുകൾ അവരുടെ പണത്തിൽ കാലതാമസം തരാതെ ആവശ്യത്തിലധികം സമ്മർദ്ദം നൽകുന്നു. നമുക്ക് തിരിച്ചുപിടിക്കാൻ ധാരാളം തുകയുണ്ട്. നമ്മുടെ ആൾക്കാരെ സഹായിച്ചു. മറ്റു നടപടികൾക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ തിരിച്ചടയ്ക്കാൻ കാലതാമസം ഉണ്ടാക്കി. താനോ സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല’- തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

തിരുവനന്തപുരം തിരുമലയിലെ വാർഡ് കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ചിരുന്നു. വേണ്ടാത്ത കാര്യങ്ങൾ പറയരുതെന്നും സത്യം എന്താണെന്ന് വരും ദിവസങ്ങളിൽ അറിയുമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു.

സിപിഐഎമ്മിന്റെ ഒരു തന്ത്രമാണിതെന്നും ഗുരുതരമായ വിഷയമായി ഇതിനെ കാണുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമം കൗൺസിലിന്റെ യോഗത്തിൽ വെച്ചാണ് അനിലും താനും തമ്മിൽ സംസാരിച്ചതെന്ന് അദേഹം വ്യക്തമാക്കിയിരുന്നു. സൊസൈറ്റിയുടേത് ബിജെപി ഭരണസമിതിയല്ല. ബിജെപി അനിലിനെ സംരക്ഷിച്ചില്ലെന്നത് ആര് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചിരുന്നു.
തിരുമലയിലെ നഗരസഭ കോർപ്പറേഷനിലെ ഓഫീസിലെത്തിയാണ് അനിൽ ജീവനൊടുക്കിയത്. ചില സാമ്പത്തിക പ്രശ്നങ്ങൾ സൊസൈറ്റിയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നായിരുന്നു ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നത്.