Headlines

തിരുമല ബിജെപി കൗൺസിലറിന്റെ ആത്മഹത്യ; മാധ്യമ പ്രവർത്തകരെ പിടിച്ചുതള്ളി ബിജെപി പ്രവർത്തകർ

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകരുടെ കയ്യേറ്റം. തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാർ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിലാണ് മാധ്യമപ്രവർത്തകരെ ബിജെപിക്കാർ പിടിച്ചുതള്ളിയത്. മാധ്യമപ്രവർത്തകരുടെ ക്യാമറകളടക്കം പ്രവർത്തകർ നശിപ്പിച്ചു. ബിജെപി നേതാവ് വി വി രാജേഷിന്റെയും സാന്നിധ്യത്തിൽ ആയിരുന്നു ബിജെപി പ്രവർത്തകരുടെ വളഞ്ഞിട്ടുള്ള അതിക്രമം.

മനഃപൂർവ്വമായി ബിജെപിയ്ക്കെതിരെയുള്ള വാർത്തകൾ വളച്ചൊടിക്കുന്നുവെന്നാരോപിച്ചായിരുന്നു കയ്യേറ്റം ഉണ്ടായത്. കൗൺസിലറിന്റെ ഓഫീസിൽ നിന്നിരുന്ന വനിതാ മാധ്യമപ്രവർത്തകരെയടക്കം ഇറക്കി വിടുകയും പടി ഇറങ്ങി പോകുന്നതിനിടെ മർദിക്കുകയും പലരും നിലത്ത് വീഴുകയും ചെയ്തു.

സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ ആറ് കോടിയിലധികം രൂപ വായ്പ നൽകിയിട്ടുണ്ട്. ചില സാമ്പത്തിക പ്രശ്നങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട നേതൃത്വത്തോട് സഹായം അഭ്യർത്ഥിച്ചെങ്കിലും സാമ്പത്തിക പ്രശ്നത്തിൽ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളതെന്നാണ് സൂചന. എന്നാൽ ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഒരു ക്രമക്കേട് ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു.

ലോൺ എടുത്തവർ പലരും തിരിച്ചടയ്ക്കാത്തതിനെ തുടർന്നുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. സൊസൈറ്റിയിലേക്കുള്ള സ്ഥിര നിക്ഷേപങ്ങൾ അനിൽ കുമാറിന്റെ പരിചയത്തിലാണ് വന്നത്. ഇത് തിരിച്ചുകൊടുക്കാൻ പറ്റാത്തതിലുള്ള മാനസിക സമ്മർദ്ദം അദ്ദേഹം അനുഭവിക്കുകയായിരുന്നുവെന്നും വി വി രാജേഷ് പറഞ്ഞു.

തിരുവനന്തപുരം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. ഇന്ന് രാവിലെ എട്ടരയോടെയാണ് അനിൽ ഓഫീസിലെത്തിയതെന്ന് ദൃക്സാക്ഷി പൂജപ്പുര പൊലീസിനോട് പറഞ്ഞു. വിരൽ അടയാള വിദഗ്ധർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ ഉടൻ തുടങ്ങും. ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും.