ശ്രീനഗർ ∙ ജമ്മുകശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. ഭീകരരെ പിടികൂടാൻ സുരക്ഷാ സേന പ്രദേശം വളഞ്ഞിട്ടുണ്ട്.
അനന്ത്നാഗിലെ ലാൽ ചൗക്കില്‍ ഭീകരരുമായി ഏറ്റുമുട്ടുന്നതിനിടെയാണു സംഭവം. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഏറ്റുമുട്ടൽ. ലഷ്കറെ തായിബയുടെ പ്രാദേശിക ഘടകമായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കിട്ടു.പഹൽഗാം ഭീകരാക്രമണത്തിനു ശേഷം കശ്മീര്‍ താഴ്വരയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന ഭീകരാക്രമണമാണിത്. അടുത്തിടെ ജമ്മുവിലെ വനമേഖലയിൽ സുരക്ഷാസേന ദിവസങ്ങള്‍ നീണ്ടുനിന്ന തിരച്ചിൽ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ടിആർഎഫിന്റെ ആക്രമണം.






