കൊച്ചി ∙ അങ്കമാലി തുറവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു. മൂക്കന്നൂർ ചൂളപുര പുതുശേരി വീട്ടിൽ ഡേവിസിന്റെയും റീനയുടെയും മകൻ ഡെവിൻ (28) ആണ് മരിച്ചത്. സൗദി അറേബ്യയിൽ വെൽഡിങ് ജോലി ചെയ്തിരുന്ന ഡെവിൻ ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.അങ്കമാലി തുറവൂർ കൊമര പാടശേഖര-വാതക്കാട് റോഡിൽ ഇന്നു പുലർച്ചെയായിരുന്നു അപകടം. ഡെവിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് സമീപത്തെ ഓടയിലേക്കു പതിക്കുകയായിരുന്നു. രാവിലെ നടക്കാൻ പോയവരാണ് ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ട് പൊലീസിനെ അറിയിച്ചത്. ഡെവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അങ്കമാലി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വിദേശത്തുള്ള മാതാവ് നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ. സഹോദരങ്ങൾ: ഡെറിൻ, ഡിനിയ.







