പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഭീകരർക്ക് സാങ്കേതിക സഹായം നൽകിയ മുഹമ്മദ് കഠാരിയയെ ആണ് ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരെ വധിക്കുന്നതിനായി ജൂലൈയിൽ ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇവരിൽ നിന്ന് ചൈനീസ് നിർമിത ആയുധങ്ങൾ സേന കണ്ടെത്തിയിരുന്നു. ഈ കണ്ടെടുത്ത ആയുധങ്ങളിൽ നടത്തിയ ഫോറെൻസിക്ക് പരിശോധനയിലാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.
പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 22 ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബയിലെ ഒരു വിഭാഗം ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാമിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ച മെയ് 22 മുതലാണ് ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചത്.