Headlines

വി.എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ് പിടിയിലായത്. നഗരൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

വിഎസിൻ്റെ മൃതദേഹം പൊതുദർശനം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ പുരോഗമിക്കുകയാണ്. നൂറ് കണക്കിനാളുകൾ ഇപ്പോഴും വിഎസിനെ കാണാൻ വരിനിൽക്കുകയാണ്. എങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ദേശീയപാത വഴിയാണ് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് പോവുക. കെഎസ്ആ‌ർടിസിയുടെ പ്രത്യേകം സജ്ജീകരിച്ച ലോ ഫ്ലോർ എസി ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.