ഇനിയൊരു മടങ്ങി വരവില്ല. തലസ്ഥാനം വി എസ് അച്യുതാനന്ദന്, കേരളത്തിന്റെ സമര നായകന് വിട പറയുകയാണ്. വി എസിനെ കാണാൻ തടിച്ചു കൂടി നിന്ന ആയിരക്കണക്കിന് വരുന്ന ജനക്കൂട്ടം മുഷ്ടി ചുരുട്ടി കണ്ഠമിടറി വിളിക്കുകയാണ് കണ്ണേ കരളേ വി എസ്സേ… ഇല്ല ഇല്ല മരിക്കില്ല. എത്ര തലമുറകൾക്കാണ് വി എസ് ഊർജം പകർന്നതെന്ന് മനസിലാക്കിത്തരുകയാണ് തടിച്ചുകൂടിയ ഒരു പറ്റം ജനക്കൂട്ടം.
രാവിലെ 9 മുതൽ ആരംഭിച്ച ദർബാർ ഹാളിലെ പൊതുദർശനം രണ്ടോടെ അവസാനിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്.
വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇനി തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലേക്കാണ് യാത്ര. ഇന്ന് പുലർച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ചെയ്തിട്ടുണ്ട്. വിലാപയാത്ര ആദ്യം കൊല്ലം ജില്ലയിലേക്കാണ് ആദ്യം പ്രവേശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ സി ലോ ഫ്ലോർ ബസാണ് (KL 15 A 407) വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്കാരം.