തലസ്ഥാന നഗരത്തിന്റെ വികസന ബ്ലൂ പ്രിൻ്റിൽ മലക്കം മറിഞ്ഞ് മേയർ വി വി രാജേഷ്. പ്രധാനമന്ത്രി നഗര വികസനത്തിൻെറ ബ്ലൂ പ്രിൻ്റ് അവതരിപ്പിക്കും എന്ന നിലയിലേക്ക് സന്ദർശനം കരുതേണ്ട എന്ന് വിവി രാജേഷ് പറഞ്ഞു. കോർപ്പറേഷൻ നടത്തിയ ചർച്ചയുടെ വിവരങ്ങൾ നാളെ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തും. നാളെ പ്രഖ്യാപിക്കേണ്ട പദ്ധതികൾ തീരുമാനിക്കേണ്ടത് പി.എം ഒയാണ്.
മാധ്യമങ്ങൾ നൽകുന്നത് അവരുടെ പ്രതീക്ഷയിൽ വിടർന്ന കാര്യങ്ങളാണ്. സാറ്റലൈറ്റ് സിറ്റി, ലൈറ്റ് മെട്രോ തുടങ്ങിയവ വാർത്തയായി നൽകുന്നു. ഇക്കാര്യങ്ങൾ ഒന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളൊക്കെ പ്രതീക്ഷിക്കാം, പക്ഷേ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. അന്തിമ രൂപം നൽകുന്നതിന് ഇനിയും വികസന കോൺക്ലേവുകൾ നടത്തേണ്ടതുണ്ട്. ഫെബ്രുവരിയിൽ വിദഗ്ധരുമായി തുടർ ചർച്ചകൾ നടക്കുമെന്നും വി വി രാജേഷ് വ്യക്തമാക്കി.
പുതിയ ഭരണസമിതി 25 ദിവസത്തിനുള്ളിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി കാര്യങ്ങൾ ചെയ്തു. കൗൺസിലർമാർ വാർഡുകളിൽ വികസന സഭ നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതര മേഖലകളിലെ പ്രമുഖരുമായെല്ലാം ചർച്ച നടത്തി. കോർപ്പറേഷൻ വികസന സെമിനാർ ഇനിയാണ് നടക്കേണ്ടത്. 46 വാർഡുകളിലെ ഡ്രൈനേജ് സംവിധാനം 101 വാർഡുകളിലേക്ക് വ്യാപിപ്പിക്കണം അതിന് വിശദമായ പദ്ധതി രേഖ തയ്യാറാക്കണം.
ആയിരം കോടി രൂപയ്ക്ക് 4 പ്ലാന്റുകൾ നാലിടങ്ങളിൽ സ്ഥാപിച്ചാൽ മാത്രമേ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ. കിട്ടിയ വിവരങ്ങൾ വച്ച് പ്രധാനമന്ത്രിയെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്തും. പ്രധാനമന്ത്രിയുടെ വരവ് ആവേശവും ആത്മവിശ്വാസവും നൽകും. 101 കൗൺസിലർമാരും വലിയ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രിയുടെ വരവിനെ നോക്കിക്കാണുന്നത്
തദ്ദേശ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ചർച്ച നടക്കാതിരിക്കുന്നതേയുള്ളു. പ്രധാനമന്ത്രിയുടെ പരിപാടി കഴിഞ്ഞ് ഫ്ലക്സ് ബോർഡുകൾ അടിയന്തരമായി നീക്കണമെന്ന നിർദ്ദേശമാണ് നൽകിയത്. പ്രധാനമന്ത്രിയുടെ പരിപാടി കഴിഞ്ഞതിനുശേഷം ഓൾ പാർട്ടി മീറ്റിംഗ് വിളിക്കും. ഫുട്പാത്ത് കയ്യേറിവെച്ച ബോർഡുകൾ ക്ലിയർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.







