Headlines

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി; ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം 50 സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കാൻ പ്രൊപ്പോസൽ

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇടപെടലുമായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും. ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം 50 സബ്സ്റ്റേഷനുകളിൽ സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിച്ചു. 1500 കോടി രൂപയുടെ പ്രൊപ്പോസൽ ആണ് നൽകിയത്. VGF വഴി കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്. (KSEB will install battery energy storage systems)

പുറത്തുനിന്ന് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. ഈ വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാൻ കഴിയില്ല. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിനായി സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസൽ വൈദ്യുതമന്ത്രിക്ക് കെഎസ്ഇബി സമർപ്പിച്ചു.ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം വഴി സംഭരിച്ച വൈദ്യുതി പീക്ക് സമയങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഉണ്ടാക്കും. ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനം ആയിരിക്കും സ്ഥാപിക്കുക. ഇതിലൂടെ ട്രാൻസ്മിഷൻ നെറ്റ്‌വർക്ക് ശക്തിപ്പെടുത്താൻ കഴിയുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിലെ 50 സബ്സ്റ്റേഷനുകളിൽ ആയിരിക്കും BESS സ്ഥാപിക്കുക. നിലവിൽ ആറിടങ്ങളിൽ പ്രാരംഭഘട്ടമായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം ഉണ്ട്. കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായം കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.