Headlines

ഗാർഹിക വൈദ്യുതി: 2027ൽ വില അൽപം കൂടിയേക്കും; 5 വർഷത്തെ വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി

 

തിരുവനന്തപുരം∙ അടുത്ത വൈദ്യുതിനിരക്കു പരിഷ്കരണത്തിൽ എനർജി ചാർജിൽ കാര്യമായ വർധനയുണ്ടാകില്ലെങ്കിലും ഫിക്സഡ് ചാർജിൽ നേരിയ വർധനയുണ്ടാകുമെന്നു സൂചന. സംസ്ഥാനത്ത് 2027 ഏപ്രിൽ 1ന് ആരംഭിക്കുന്ന അടുത്ത നിയന്ത്രണ കാലയളവിലേക്കുള്ള (2027–32) വൈദ്യുതിനിരക്ക് നിശ്ചയിക്കാൻ കെഎസ്ഇബി നടപടി തുടങ്ങി. നിരക്കുപരിഷ്കരണത്തിനു വിവിധ വിഭാഗങ്ങളിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിരക്കുവർധന സംബന്ധിച്ച അപേക്ഷ നവംബറിനു മുൻപു സമർപ്പിക്കാനാണു സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദേശം. അപേക്ഷ അന്തിമമാക്കുന്നതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ നിലപാടും കെഎസ്ഇബി തേടും.പരിഗണനയിലുള്ള നിർദേശങ്ങൾ

 

∙ ഗാർഹിക, കാർഷിക ഉപയോക്താക്കളുടെ നിരക്കിൽ കാലാനുസൃതമായ വർധന.

∙ ഉയർന്ന നിരക്കുള്ള കമേഴ്സ്യൽ, വ്യവസായ ഉപയോക്താക്കളുടെ വൈദ്യുതിനിരക്കിൽ വർധനയില്ല.

 

∙ ക്രോസ് സബ്സിഡി പാടില്ലെന്ന കേന്ദ്ര നിർദേശം നടപ്പാക്കിയാൽ നിലവിൽ സൗജന്യമായോ കുറഞ്ഞ നിരക്കിലോ വൈദ്യുതി ലഭിക്കുന്ന വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ തുടരാൻ സംസ്ഥാനം സബ്സിഡി നൽകണം.

∙ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയും (ഡേ) വൈകിട്ട് 6 മുതൽ രാത്രി 10 വരെയും (പീക്ക്) രാത്രി 10 മുതൽ രാവിലെ 6 വരെയും (ഓഫ് പീക്ക്) വ്യത്യസ്ത വൈദ്യുതിനിരക്ക് ബാധകമാകുന്ന ടൈം ഓഫ് ഡേ (ടിഒഡി) മീറ്ററിങ് ഉള്ള ഉപയോക്താക്കൾക്ക് പകൽ വൈദ്യുതി ഉപയോഗത്തിനുള്ള ഇളവ് നിലവിലെ 10 ശതമാനത്തിനു പകരം 15–25% നൽകിയേക്കും. ഈ സമയത്ത് സൗരോർജ വൈദ്യുതി ഉൾപ്പെടെ കുറഞ്ഞ നിരക്കിലാണു ലഭിക്കുന്നത്. കെഎസ്ഇബി കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന പീക്ക് സമയത്ത് നിലവിലെ 25% അധികനിരക്ക് 50–60% ആയി വർധിപ്പിച്ചേക്കും. രാത്രി 10 വരെ എന്ന നിലവിലെ പീക്ക് സമയം 11 വരെയോ 12 വരെയോ ദീർഘിപ്പിച്ചേക്കും.

 

∙ പ്രതിമാസം 250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള ടിഒഡി മീറ്ററിങ് 200 യൂണിറ്റിനു മുകളിലുള്ളവർക്കും ബാധകമാക്കാം.

 

∙ വൈദ്യുത വാഹനങ്ങളുടെ ചാർജിങ് പരമാവധി പകൽ സമയത്താക്കാൻ നിരക്കിളവ് ഉൾപ്പെടെ പ്രോത്സാഹന പദ്ധതികൾ. സർക്കാർ ഓഫിസുകളിലും മറ്റും വൈദ്യുതവാഹന ചാർജിങ് സംവിധാനം ഏർപ്പെടുത്താൻ പ്രത്യേക ട്രാൻസ്ഫോമർ.

 

∙ ജനുവരി മുതൽ മേയ് വരെ യൂണിറ്റിന് 10 പൈസ വരെ അധികനിരക്ക് (സമ്മർ താരിഫ്).

 

∙ കെഎസ്ഇബിക്ക് താരിഫിൽ ഈടാക്കാൻ കഴിയാത്ത ഏകദേശം 6500 കോടി രൂപയുടെ നഷ്ടം (റഗുലേറ്ററി അസറ്റ്) 2031 മാർച്ച് 31ന് മുൻപ് ഈടാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടതിനാൽ, യൂണിറ്റിന് 25 പൈസ വരെ പ്രത്യേക സർചാർജ്.