ന്യൂഡൽഹി ∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായ 8 പേരിൽ പ്രൈമറി സ്കൂൾ അധ്യാപകൻ മുതൽ മുൻ കാർ മെക്കാനിക് വരെ. സംഭാവന എണ്ണൽ കേന്ദ്രത്തിലേക്കു പുറംകരാർ ഏജൻസി വഴി നിയമിക്കപ്പെട്ടവരാണിവർ.
∙ അവിനാശ് ശുക്ല: സംഭാവന എണ്ണുന്ന സമയത്തു പണം ഒത്തുനോക്കുന്ന ചുമതലയായിരുന്നു പ്രൈമറി സ്കൂൾ അധ്യാപകനായ അവിനാശിന്റേത്.ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽനിന്ന് 20 ലക്ഷത്തിലധികം രൂപയും വിദേശ കറൻസികളും ആഭരണങ്ങളും കണ്ടെടുത്തു. സിസിടിവി ക്യാമറകൾക്കു കാണാനാവാത്ത സ്ഥലങ്ങൾ (ബ്ലൈൻഡ് സ്പോട്ടുകൾ) മുതലെടുത്തും ശുചിമുറികളിൽ ഒളിപ്പിച്ചുമാണു പണം പുറത്തേക്കു കടത്തിയതെന്നു ചോദ്യം ചെയ്യലിൽ ഇയാൾ വിശദീകരിച്ചു. ഏതാനും വർഷങ്ങളായി അയോധ്യയിലെ ഒരു യോഗാ കേന്ദ്രത്തിലാണ് ഇയാൾ താമസിച്ചിരുന്നത്.
∙ ലവ്കുശ് മിശ്ര: സംഭാവന എണ്ണുന്ന ജോലിക്ക് നിയോഗിക്കപ്പെട്ട ലവ്കുശ് മിശ്ര, മുൻപ് ഓട്ടമൊബീൽ മെക്കാനിക്കായിരുന്നു. 12,000 രൂപയായിരുന്നു മാസശമ്പളം. പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ഇയാളിൽനിന്ന് 14.25 ലക്ഷം രൂപ കണ്ടെടുത്തു.
∙ അനുകൽപ് മിശ്ര: പ്രതിയായ ലവ്കുശ് മിശ്രയുടെ ഭാര്യാസഹോദരൻ. ക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്രയുമായി ഏറെ അടുപ്പം. പണം എണ്ണുന്ന ജോലിയായിരുന്നു. ഇയാൾ സ്വന്തമാക്കിയെന്നു കരുതുന്ന 65 ലക്ഷം രൂപ വിലമതിക്കുന്ന വീട്, ഫാം ഹൗസ്, വിലകൂടിയ ബൈക്ക്, എസ്യുവി ബുക്ക് ചെയ്തത് തുടങ്ങിയവയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ തിരച്ചിലിൽ 16.8 ലക്ഷം രൂപ കണ്ടെടുത്തതായാണു വിവരം.
∙ സുഭാഷ് ചന്ദ്ര ശ്രീവാസ്തവ: വിരമിച്ച ബാങ്ക് ജീവനക്കാരനായ സുഭാഷ് ചന്ദ്ര തീർഥാടക സഹായകേന്ദ്രത്തിലെ സംഭാവന എണ്ണൽ മേൽനോട്ടത്തിനാണു നിയമിക്കപ്പെട്ടത്. പ്രാദേശിക ആർഎസ്എസ് പ്രവർത്തകനായിരുന്നു. ക്രമക്കേടുകൾ തടയുന്നതിൽ ഇയാൾ പരാജയപ്പെട്ടെന്നും പണം തട്ടുന്നതിൽ പങ്കുവഹിച്ചെന്നും പൊലീസ് പറയുന്നു.
∙ രാംശങ്കർ മിശ്ര: സംഭാവന എണ്ണുന്ന ജോലിയിലുണ്ടായിരുന്ന ഇയാളുമായി ബന്ധപ്പെട്ട് 7.3 ലക്ഷം രൂപയാണ് കണ്ടെടുത്തത്.
∙ രാംശങ്കർ യാദവ്: ടിന്നുവെന്ന് വിളിപ്പേരുള്ള ഇയാളാണ് തട്ടിപ്പിലെ പ്രധാനികളിലൊരാളെന്ന് പൊലീസ് പറയുന്നു. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. സംഭാവന എണ്ണുന്ന മുറിയുടെയും സംഭാവനപ്പെട്ടികളുടെയും താക്കോലുകൾ ഇയാൾ അനധികൃതമായി കൈവശം വച്ചതായും പൊലീസ് പറയുന്നു. ഇയാളുടെ വാട്സാപ് സംഭാഷണങ്ങളും പരിശോധിച്ചുവരികയാണ്.
∙ മനീഷ് കുമാർ യാദവ്: ടിന്നു യാദവിന്റെ അനന്തരവൻ. ഇയാളിൽനിന്നും പണം കണ്ടെടുത്തിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മപരിശോധനയിലാണെന്നും പൊലീസ് അറിയിച്ചു.
∙ കരുണേഷ് പാണ്ഡെ: സംഭാവനപ്പെട്ടികൾ തുറന്നു പണം തരംതിരിക്കുന്നതായിരുന്നു ചുമതല. ഇയാളുമായി ബന്ധപ്പെട്ട് 18 ലക്ഷത്തിലധികം രൂപ കണ്ടെടുത്തു.







