വൻ ക്രമക്കേട് നടന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ചുമതല ജില്ലാ മജിസ്ട്രേറ്റ് ഏറ്റെടുത്തു. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിൻറെ പ്രാഥമിക റിപ്പോർട്ട്. വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്ന് 40 ജീവനക്കാരെ മാറ്റി. സംഭാവനാ ക്രമക്കേടിൽ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസ് വിവരങ്ങൾ തേടിയിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശം കൂടി പരിഗണിച്ചായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക. ക്രമക്കേടിന് പിന്നാലെ ക്ഷേത്ര ട്രസ്റ്റിന്റെ അധികാരം മരവിപ്പിച്ചു. ചുമതല ട്രസ്റ്റ് അംഗം കൂടിയായ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഏറ്റെടുത്തു. സംഭാവന ക്രമക്കേടുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം സമർപ്പിച്ചു.ആഭ്യന്തര സെക്രട്ടറി സഞ്ജയ് പ്രസാദിനാണ് റിപ്പോർട്ട് നൽകിയത്. സംഭാവന എണ്ണിത്തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. ക്ഷേത്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണം എന്നും പ്രാഥമിക റിപ്പോർട്ടിൽ പ്രത്യേക അന്വേഷണസംഘം ശുപാർശ ചെയ്തു. വഴിപാടുകൾ എണ്ണുന്ന ചുമതലയിൽ നിന്ന് 40 ജീവനക്കാരെ മാറ്റി. സംഭാവനകൾ തിട്ടപ്പെടുത്തുന്ന വിഭാഗത്തിൽ സുരക്ഷ ശക്തമാക്കി. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിക്കുന്ന പണം നിലത്ത് പരവതാനി വിരിച്ച് എണ്ണണം.
പണം എണ്ണുമ്പോഴും മാറ്റുമ്പോഴും വിഡിയോയിൽ ചിത്രീകരിക്കണമെന്നും നിർദ്ദേശം നൽകി. ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കർസേവകരുടെ സംഘടന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ഉണ്ടായ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകി.









