Headlines

കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയെന്ന് വിലയിരുത്തൽ; ഒരുക്കങ്ങൾ വിലയിരുത്തി ദേശീയ നേതൃത്വം

കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയെന്ന് BJP ദേശീയ നേതൃത്വത്തിൻ്റെ വിലയിരുത്തൽ. പുതിയ ദേശീയ അധ്യക്ഷൻ വിളിച്ചു ചേർത്ത യോഗത്തിൽ ഒരുക്കങ്ങൾ വിലയിരുത്തി. തയാറെടുപ്പുകൾ സംസ്ഥാന ഘടകം വിശദീകരിച്ചു.ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിന് പിന്നാലെയാണ് കേരളത്തിന്റെ ചുമതലക്കാരെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നിതിൻ നബിന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ദേശീയ നേതൃത്വം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു.

അതേസമയം, കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി ദേശീയ നേതൃത്വം. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതലയും നൽകിയിട്ടുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരത്തിലേറാമെങ്കിൽ കേരളത്തിലും അധികാരത്തിലേറാം എന്നതാണ് ബിജെപി ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പ്രചരണം. തലസ്ഥാന വിജയം ആഘോഷിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുന്നുണ്ട്. മോദി എത്തുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ സംഘടനാ സംവിധാനങ്ങളുമായി മുന്നോട്ട് പോകാം എന്നാണ് നേതൃത്വം കണക്ക് കുട്ടുന്നത്.