ഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് എസ്ഐആർ നോട്ടീസ്. ഡൽഹി എസ്ഐആറിന്റെ ഭാഗമായാണ് എൽ.കെ. അദ്വാനി, മനീഷ് സിസോദിയ, കപിൽ സിബൽ തുടങ്ങിയ പ്രമുഖർക്ക് നോട്ടീസ് നൽകിയത്. പഴയ എസ്ഐആർ പട്ടികയുമായി വിവരങ്ങൾ മാപ്പ് ചെയ്യാനാകാത്തവർക്കും പൊരുത്തക്കേടുകൾ കണ്ടെത്തിയവർക്കുമാണ് നോട്ടീസ്. നോട്ടീസ് നൽകിയത്, വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കാനല്ലെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു. രേഖകൾ പരിശോധിച്ച ശേഷം അർഹരായവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തുമെന്നും വിശദീകരണം.
അദ്വാനിയുടെ മകൾ പ്രതിഭ, മരുമകൾ ഗീതിക എന്നിവർക്കും എസ്ഐആർ നോട്ടീസ് ലഭിച്ചു. ഇവർ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരാണ്. സിസോദിയയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ സീമയ്ക്കും മകൻ മീറിനും നോട്ടീസ് നൽകിയിട്ടുണ്ട്. പേരിൽ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സീമയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. സിസോദിയയ്ക്ക് നോട്ടീസ് നൽകിയതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.
പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 33.13 ലക്ഷം പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ഉൾപ്പെടെയുള്ള പ്രമുഖരായ പല വോട്ടർമാർക്കും എസ്ഐആർ പ്രകാരം നോട്ടീസ് നൽകിയിട്ടുണ്ട്. സമാനമായ കാരണങ്ങളാൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, അരവിന്ദ് കെജ്രിവാൾ എന്നിവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വോട്ടർമാർ തങ്ങളുടെ മറുപടികളും അനുബന്ധ രേഖകളും ഒക്ടോബർ 29-നകം അതത് നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.






