Headlines

ആരും ഉപയോഗിക്കാനില്ല, തുരുമ്പെടുത്ത് സൈക്കിളുകൾ; കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം

കോഴിക്കോട്: ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്ക് സുരക്ഷിതവും കുറഞ്ഞ ചെലവിലുള്ളതുമായ യാത്രാ സൗകര്യമൊരുക്കാനുമായി കോഴിക്കോട് കോർപറേഷൻ കൊണ്ട് വന്ന സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം. പദ്ധതിക്കായി കൊണ്ടുവന്ന സൈക്കിളുകൾ ഷെഡ് നിർമ്മിച്ചു അതിലേക്ക് മാറ്റാത്തതിനാൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തുരുമ്പെടുത്ത് കിടക്കുകയാണ്. സൈക്കിൾ ഷെഡ്ഡ് നിർമ്മിച്ച വാർഡുകളിലെ സൈക്കിളും ആരും ഉപയോഗിക്കാതെ നശിച്ച നിലയിലാണ്.

ഓരോ വാർഡിലും ഒരു ഷെഡ്.അതിൽ 12 സൈക്കിളുകൾ. അതായിരുന്നു ലക്ഷ്യം. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ സൈക്കിളുകൾ വാടകയ്ക്ക് നൽകും . ആദ്യ ഒരു മണിക്കൂറിന് 20 രൂപ, രണ്ട് മണിക്കൂറിന് 30 രൂപ, മൂന്ന് മണിക്കൂറിന് 40 രൂപ എന്നിങ്ങനെയായിരുന്നു വാടക. തുടർന്ന് ഓരോ മണിക്കൂറിനും 15 രൂപ വീതം അധികം ഈടാക്കാനും തീരുമാനിച്ചു.മൊബൈൽ ആപ്പും ജി.പി.എസ് സംവിധാനവും ഉൾപ്പെടുത്തിയായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. നടത്തിപ്പ് ചുമതല കുടുംബശ്രീ അംഗങ്ങളെ ഏൽപ്പിക്കാനും തീരുമാനിച്ചു.

എന്നാൽ തുടക്കത്തിൽ ചില വാർഡുകളിൽ ഷെഡ് നിർമ്മിക്കുകയും സൈക്കിളുകൾ നൽകുകയും ചെയ്തതല്ലാതെ മറ്റൊന്നും നടന്നില്ല.പദ്ധതിക്ക് ആയി കൊണ്ട് വന്ന മറ്റു വാർഡുകളിലെ സൈക്കിലുകൾ പല സ്വകാര്യ വ്യക്തികളുടെ വീടുകളിലും പറമ്പുകളിലും തുരുമ്പ് പിടിച്ചു കിടക്കുകയാണ്. നിർമ്മാണം പൂർത്തിയായ ഷെഡുകളിലും സമാന അവസ്ഥയാണ്. ആരും ഉപയോഗിക്കാൻ എത്താതെ സൈക്കിളുകൾ എല്ലാം നശിച്ചു. കാര്യങ്ങൾ നോക്കി നടത്താനും ആരുമില്ല.