ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബാലകൃഷ്ണൻ പെരുമാൾ (50), ബന്ധുവായ ചിന്നു (35) എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു പേർ മരിച്ചു. കനത്ത മഴയെ തുടർന്ന് മണ്ണും വെള്ളവും ഒഴുകിയെത്തി ഇവർ താമസിച്ച ഷെഡ് തകർന്നുവീണാണ് അപകടമുണ്ടായത്.
അപകടത്തിൽ ബാലകൃഷ്ണന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ മാരിയമ്മാളിനെ ആശുപത്രിയിലേക്ക് മാറ്റി. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് അപകടമുണ്ടായത്. കൃഷി സ്ഥലത്ത് വിശ്രമത്തിനായി നിർമ്മിച്ച ഷെഡ്ഡ് മണ്ണൊലിച്ച് വന്ന് തകരുകയായിരുന്നു. മൂന്ന് പേരും ഷെഡിനകത്ത് ഉണ്ടായിരുന്നു. സമീപപ്രദേശങ്ങളിൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് മഴ മാറി
കോട്ടയത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴയാണ് പെയ്യുന്നത്. തീക്കോയി, തലനാട്, വാഗമൺ പ്രദേശങ്ങളിൽ ആണ് മഴ ശക്തമായി പെയ്യുന്നത്. മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തീക്കോയി വാഗമൺ റൂട്ടിൽ കാരികാട് ടോപ്പിൽ മണ്ണിടിഞ്ഞു രണ്ടു കാറുകൾക്ക് മുകളിലേക്ക് വീണു. യാത്രക്കാർ സുരക്ഷിതരാണ്.







