കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി. ഷെഡും വൈദ്യുതിലൈനും തമ്മിൽ നിയമാനുസൃതം വേണ്ട അകലമില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഷെഡിന്റെ മധ്യഭാഗത്ത് പോസ്റ്റ് സ്ഥാപിക്കണമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. അടുത്ത മാനേജ്മെൻറ് കമ്മിറ്റി മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സൈക്കിൾ ഷെഡിന് മുകളിലൂടെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ സ്പേസർ സ്ഥാപിച്ചിരുന്നു. ലൈനുകൾ കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാനാണ് സ്പേസർ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയിൽ നിന്നും ഈ ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ല. അതുപോലെ, വൈദ്യുതി ലൈനില്‍ നിന്നും സൈക്കിൾ ഷെഡിലേക്ക് ആവശ്യമായ സുരക്ഷാ അകലം പാലിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ട്.
ഈ സൈക്കിൾ ഷെഡ് സ്ഥാപിച്ചതിന് ഏതെങ്കിലും അനുമതി ലഭിച്ചിരുന്നോ എന്നത് സംശയം ഉണ്ട്.
ലൈനിന് അടിയിൽ ഒരു നിർമ്മാണം നടക്കുമ്പോൾ സുരക്ഷിതമായി വൈദ്യുതി ലൈനില്‍ നിന്നും അകലം പാലിക്കേണ്ടതാണ്. വൈദ്യുത ലൈനുകളിൽ കൃത്യമായി ഇടവേളകളിൽ സുരക്ഷാ പരിശോധന നടത്തണമെന്ന് വൈദ്യുതി ബോര്‍ഡിൽ നിർദേശം ഉള്ളതാണ്. പ്രസ്തുത ലൈന്‍ കവചിത കേബിളുകളാക്കി മാറ്റുന്നതിനും ലൈനിനടിയില്‍ ഒരു പോസ്റ്റ് സ്ഥാപിക്കുന്നതിനുമുള്ള അനുമതി സ്കൂള്‍ മാനേജ്മെന്റിനോട് കെ എസ് ഇ ബി അധികൃതര്‍ ആവശ്യപ്പെടുകയും ആയത് അടുത്ത മാനേജ്മെന്റ് കമ്മിറ്റി മീറ്റിങ്ങിനു ശേഷം അറിയിക്കാമെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താൻ കഴിയും. അനധികൃതമായി സൈക്കിൾ ഷെഡ് നിർമ്മിച്ചതിന് സ്കൂൾ അധികൃതരും ഉത്തരവാദികൾ ആണെന്നും റിപ്പോർട്ടിൽ ഉണ്ട്.ഇന്ന് രാവിലെയാണ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ കൂട്ടുകാരന്റെ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകി.