Headlines

‘പിഎംശ്രീ നടപ്പാക്കാൻ UDF ശ്രമം, അറബിക്കടലിൽ ഒഴുക്കും എന്ന് പറഞ്ഞവരുണ്ട്; LDF സർക്കാർ വീണ്ടും അധികാരത്തിൽ വന്നിരുന്നുവെങ്കിൽ മരവിപ്പിച്ച അവസ്ഥയിൽ കിടന്നേനെ’; പിണറായി വിജയൻ

 

പി എം ശ്രീയിൽ കോൺഗ്രസും ലീഗും യുഡിഎഫും വലിയ വിവാദമുയർത്താനാണ് തിരഞ്ഞെടുപ്പിന് മുമ്പ് ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബിജെപിയുമായി എൽഡിഎഫ് ഡീൽ ഉണ്ടാക്കിയതായിരുന്നു ആരോപണം. കേന്ദ്രസർക്കാർ നയങ്ങൾക്ക് മുന്നിലെ കീഴടങ്ങൽ തുടങ്ങിയ ആരോപണങ്ങൾ യുഡിഎഫ് പ്രചരിപ്പിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിഎം ശ്രീ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു. പദ്ധതി അറബിക്കടലിൽ കളയും എന്ന അവകാശവാദവും നേതാക്കൾ ഉറപ്പുകൊടുത്തു.

 

 

ഇപ്പോൾ പി എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള തീരുമാനവുമായി യുഡിഎഫ് മുന്നോട്ടുപോകുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഉയർത്തിയ എതിർപ്പുകളൊക്കെ മാറ്റി, കേന്ദ്ര സർക്കാരിൻറെ മുന്നിൽ അവരുടെ നയങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ തീരുമാനിച്ചത് എന്തടിസ്ഥാനത്തിലാണ്. ഇതിന് യുഡിഎഫ് മറുപടി പറയണം. തെറ്റായ വാദമാണ് യുഡിഎഫ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ധാരണപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകണം എന്നാണ് ന്യായീകരണമായി പുതിയ സർക്കാർ വക്താക്കൾ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

എന്നാൽ വാസ്തവം മറ്റൊന്നാണ്. രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പി എം ശ്രീ പദ്ധതിയുടെ ഭാഗമാണ്. ഒരു വിയോജിപ്പും ഒരു സർക്കാരും പുറപ്പെടുവിച്ചിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയം പറഞ്ഞിരിക്കുന്നത് അതേ പോലെ നടപ്പാക്കുകയാണ്. ഇന്ത്യയിലാകേ പിഎം ശ്രീ അംഗീകരിച്ചു പോകുന്നതാണ് കോൺഗ്രസിന്റെ നിലപാട്. അത് കേരളത്തിലും നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാകുന്നു. പി എം ശ്രീ ഒപ്പിടാത്തതു കൊണ്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ് എസ് കെ ഫണ്ട് തടഞ്ഞു വച്ചത്.

 

ഇത് വിദ്യാഭ്യാസ മേഖലയെ വലിയ തോതിൽ വരിഞ്ഞു മുറുക്കി. വിദ്യാഭ്യാസ മേഖലയിൽ പണം ചെലവടുന്നതിന് തടസ്സം ഉണ്ടായി. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് സർക്കാർ ധാരണപത്രം ഒപ്പിട്ടത്. എന്നാൽ ആ ധാരണ പത്രത്തിലെ ഒരു നടപടിയുമായി മുന്നോട്ടു പോയില്ല. ഒരുമാസത്തിനുള്ളിൽ ധാരണപത്രം പൂർണ്ണമായി മരവിപ്പിക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. ഉയർന്നുവരുന്ന ആക്ഷേപങ്ങൾ പരിശോധിച്ചുകൊണ്ട് തുടർ നടപടി സ്വീകരിക്കാമെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്.

 

നവംബർ 12 ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. ധാരണപത്രം ഒപ്പിട്ടത് കൊണ്ട് മാത്രം പദ്ധതി നടപ്പിലാവില്ല. പദ്ധതി നടപ്പിലാക്കാൻ ചെയ്യേണ്ട നടപടിക്രമങ്ങൾ ഉണ്ട്. താഴെത്തട്ടിൽ കമ്മിറ്റികൾ രൂപീകരിക്കണം. പദ്ധതി നടപ്പിലാക്കേണ്ട സ്കൂളുകളുടെ വിശദാംശങ്ങൾ കേന്ദ്രസർക്കാരിന് അറിയിക്കണം. ധാരണപത്രം ഒപ്പിട്ടതിന് ശേഷം ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടില്ല. സ്കൂളുകളുടെ ഒരു പട്ടികയും തയ്യാറാക്കുകയോ കേന്ദ്രത്തിന് നൽകുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

 

സർക്കാർ മുന്നോട്ടു പോകാത്തത് കൊണ്ടാണ് പദ്ധതി നടപ്പിലാകാതിരിക്കുന്നത്. LDF സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പിലായില്ല. LDF സർക്കാർ ധാരണാപത്രം മരവിപ്പിച്ചു. കാര്യങ്ങൾ പരിശോധിച്ചാൽ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയാണ് ചെയ്തത്. പി എം ശ്രീ അവിടെ കിടക്കുകയാണ്. ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി മുന്നോട്ടു പോവില്ല. പുതിയ സർക്കാർ ആ പദ്ധതിയുമായി മുന്നോട്ടു പോകാൻ നയപരമായി തീരുമാനിച്ചാൽ മാത്രമേ ഈ പദ്ധതി കേരളത്തിൽ നടപ്പിലാകുകയുള്ളൂ. നയം മാറ്റത്തിന് യുഡിഎഫിനെ പ്രേരിപ്പിച്ച ഘടകം എന്താണ്?.

 

കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രത്യേക അറിയിപ്പ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുണ്ടോ, ഉണ്ടെങ്കിൽ അതെന്താണ്. പദ്ധതിയെ അടിമുടി എതിർത്ത യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പിലാക്കാൻ മുന്നോട്ട് വരുന്നതിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കണം. ധാരണപത്രം റദ്ദ് ചെയ്യാൻ അവകാശമുണ്ട്. സംസ്ഥാന സർക്കാർ മുൻകൈയെടുത്താലേ പദ്ധതി നടപ്പിലാകുകയുള്ളൂ. പദ്ധതി നടപ്പാക്കിയതിന്റെ പിന്നിലെ യഥാർത്ഥ കാരണങ്ങൾ യുഡിഎഫ് വ്യക്തമാക്കണം. ഏതു സാഹചര്യത്തിലും ഉപേക്ഷിക്കാവുന്ന ഒന്നുമാത്രമാണ് സംസ്ഥാന സർക്കാരിനെ സംബന്ധിച്ച് പി എം ശ്രീ പദ്ധതി.ധാരണാപത്രം ഒപ്പിട്ടത് കൊണ്ട് മാത്രം പിന്മാറാൻ ആവില്ലെന്ന് സർക്കാരിന് എവിടുന്നെങ്കിലും നിയമ ഉപദേശം ലഭിച്ചിട്ടുണ്ടോ. പുതിയ അഡ്വക്കേറ്റ് ജനറൽ സർക്കാരിന് എങ്ങനെ നിയമ ഉപദേശം നൽകിയിട്ടുണ്ടോ. പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് മാത്രം പണം ലഭിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാ വിരുദ്ധം. പാർലമെൻറിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്നു. കേരളത്തിന് പിഎം ശ്രീയുമായി ബന്ധപ്പെട്ട കേന്ദ്രം പണം നൽകിയിട്ടില്ല എന്നാണ് മറുപടി നൽകിയിട്ടുള്ളത്.

 

മുഖ്യമന്ത്രി എന്ന നിലയ്ക്ക് വസ്തുതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്നത് എന്തുകൊണ്ട്. കേരളത്തിന് ലഭിച്ചത് എസ് എസ് കെ ഫണ്ട്, ഇതിനു പി എം ശ്രീയുമായി ബന്ധമില്ല. പദ്ധതി നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ധാരണ പത്രം ഒപ്പിട്ടതുകൊണ്ട് മാത്രം ഒരു രൂപ പോലും കേന്ദ്രസർക്കാർ അനുവദിക്കില്ല. കരാറിൽ നിന്ന് പിന്മാറാൻ സംസ്ഥാനങ്ങൾക്ക് കഴിയും എന്നത് പഞ്ചാബിലെ ഉദാഹരണം.

 

പിന്മാറാൻ കഴിയാത്ത ഒന്നാണ് എന്ന വാദം ശരിയല്ല. കേരളത്തിലെ പൊതുജനാരോഗ്യരംഗം വലിയ വെല്ലുവിളി നേരിടുന്നു. പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ദിനംപ്രതി രോഗബാധിതരുടെ എണ്ണം കൂടുന്നു. മരണവും കൂടുന്നു. രോഗ പ്രതിരോധ നടപടികളിലെ ഏകോപനം ഇല്ലായ്മ. ജാഗ്രത കുറവുണ്ട്. രോഗം ബാധിച്ചവരുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ മരുന്നും എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുവെന്നും പിണറായി വിജയൻ വിമർശിച്ചു.

 

ഡോക്ടർമാർ ഇല്ലാത്തതിന്റെ പ്രയാസവും നേരിടുന്നു. 400 ഓളം ഡോക്ടർമാരുടെ നിയമനം തടസ്സപ്പെട്ടത് ഗൗരവമായി കാണണം. ഭരണാനുകൂല പാർട്ടികളുടെ കാര്യങ്ങൾക്ക് അനുകൂലമായി നീങ്ങുന്നത് കൊണ്ടാണ് നിയമനം തടസ്സപ്പെടുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻ നിർത്തി ഡോക്ടർമാരുടെ പോസ്റ്റിങ്ങ് നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളോട് കാണിക്കുന്ന വലിയ ക്രൂരത. പോസ്റ്റിങ്ങിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം.

 

LDF സർക്കാരിൻറെ സ്ത്രീ സുരക്ഷാ പദ്ധതികൾ തകർക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ കാണിക്കുന്നത്. ഇത് അംഗീകരിക്കില്ല. 16 ലക്ഷത്തോളം വീട്ടമ്മമാർക്ക് ആശ്വാസമായ സ്ത്രീ സുരക്ഷാ പദ്ധതി മുടങ്ങി. ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തീരുമാനം ആക്കാതെ ധനവകുപ്പ് പിടിച്ചു വച്ചിരിക്കുന്നു. സ്ത്രീപക്ഷ സർക്കാരെന്ന് മേനി നടിക്കുന്നവർ സ്ത്രീ സുരക്ഷാ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നു. UDF സർക്കാർ അടിയന്തരമായി നിലപാട് തിരുത്തണം. പെൻഷനും സ്റ്റൈപ്പൻഡും കാത്തിരിക്കുന്നവർക്ക് കുടിശ്ശിക ഉൾപ്പെടെ വിതരണം ചെയ്യണം. പദ്ധതി തകർക്കാനുള്ള രാഷ്ട്രീയ തീരുമാനം അവസാനിപ്പിക്കണം. പ്രവാസി പെൻഷനും ഈ സർക്കാർ വന്നതിനുശേഷം മുടങ്ങി.

 

അന്താരാഷ്‌ട്ര യോഗ ദിനാചരണത്തിൽ ഗവർണർ സർക്കാർ വകുപ്പുകളുടെ യോഗം വിളിച്ച് നിർദ്ദേശം നൽകിയ നടപടി ഭരണഘടനാ കീഴ്വഴക്കങ്ങളുടെയും ജനാധിപത്യം മര്യാദകളുടെയും നഗ്നമായ ലംഘനം. മന്ത്രിസഭയുടെ തീരുമാനങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക എന്നതാണ് ഗവർണറിൽ നിഷിദ്ധമായ നടപടി. ഗവർണർ സമാന്തരമായ അധികാരസ്ഥാനമായി മാറുന്നു. ഇത് ഭരണഘടനാ വിരുദ്ധം.

 

ഫെഡറൽ അധികാരങ്ങളുടെ ലംഘനം നടന്നു. സർക്കാർ വകുപ്പു മേധാവിമാരുടെ യോഗം ഗവർണർ വിളിച്ചത് എന്ത് അടിസ്ഥാനത്തിൽ.മുഖ്യമന്ത്രി ഇക്കാര്യത്തിൽ പ്രതികരിച്ചില്ല. സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വല്ലാതെ സംഘപരിവാർ വിധേയത്വം കാണിക്കുന്നു. കിട്ടിയ അവസരം വിരോധിക്കാൻ ഗവർണറും തയ്യാറാകുന്നു. സംസ്ഥാനത്തിന്റെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെടുന്നത്.

 

2024 ൽ മുൻ ഗവർണർ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയും വിളിച്ചുവരുത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ സർക്കാർ സ്വീകരിച്ച നിലപാട് ഓർമ്മയുണ്ടാകുമല്ലോ. പിഎം ശ്രീ ഫണ്ട് ലഭിച്ചില്ലെങ്കിൽ കേരളത്തിന് ഒന്നുമുണ്ടാകില്ല;എന്നാൽ എസ് എസ് കെ ഫണ്ട് ലഭിച്ചില്ലെങ്കിൽ പ്രയാസം നേരിടും. UDF ഉയർത്തുന്നത് വിഘണ്ഡ വാദം.LDF സർക്കാർ ആണ് വീണ്ടും അധികാരത്തിൽ വന്നിരുന്നുവെങ്കിൽ മരവിപ്പിച്ച അവസ്ഥയിൽ തന്നെ കിടന്നേനെ.ലീഗിൻറെ മന്ത്രി മുഖേനയാണ് ഇത് നടപ്പിലാക്കാൻ തന്നെ നോക്കുന്നത്. അറബിക്കടലിൽ കളയുമെന്ന് പറഞ്ഞവർ എന്തുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാൻ മുൻകൈയെടുക്കുന്നതെന്ന് ലീഗ് വ്യക്തമാക്കണം. ലോകകപ്പ് ഫുട്ബോൾ നടക്കുന്നു. ഇപ്പോൾ ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണം ഫുട്ബോൾ ലോകകപ്പ് കാണാൻ വലിയ പ്രയാസം സൃഷ്ടിക്കുന്നു. വൈദ്യുതി നിയന്ത്രണം ഈ ഘട്ടത്തിൽ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.