കോട്ടയം ∙ ഇടതുപക്ഷ അധ്യാപക സംഘടനയുടെ ഭാരവാഹികളും സഹയാത്രികരും രേഖകളിൽ കൃത്രിമം നടത്തി എംജി സർവകലാശാലയിൽനിന്നു ലക്ഷങ്ങളുടെ ആനുകൂല്യങ്ങൾ കൈപ്പറ്റിയതായി രേഖകൾ. വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കുമ്പോൾ പ്രമോഷൻ നൽകരുതെന്ന വ്യവസ്ഥ ലംഘിച്ചാണു സാമ്പത്തികത്തട്ടിപ്പിന് അവസരമൊരുക്കിയത്. വിരമിച്ച അധ്യാപകർക്കു മുൻകാല പ്രാബല്യത്തോടെ പ്രമോഷൻ നൽകിയും തട്ടിപ്പു നടത്തി.
കോളജ് അധ്യാപകരുടെ ഇടതുസംഘടനയായ എകെപിസിടിഎയുടെ സംസ്ഥാന നേതാവും സിൻഡിക്കറ്റ് അംഗവുമായ ഒരാൾക്കു നാലുവർഷം യാത്രാബത്തയായി മാത്രം 13 ലക്ഷം രൂപയിൽ അധികമാണു നൽകിയത്. ഇദ്ദേഹം എംജി സർവകലാശാലയുടെ ഗെസ്റ്റ് ഹൗസിൽ താമസിച്ചാണു സിൻഡിക്കറ്റ് യോഗത്തിൽ പങ്കെടുത്തതെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ യാത്ര ചെയ്തതായി കാട്ടി വൻതുകയാണ് എഴുതിയെടുത്തത്.
ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയ ഈ കേസ് ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. ഇടതുസംഘടനയിലെ 13 പേർക്ക് ഇങ്ങനെ അനധികൃതമായി ലക്ഷങ്ങൾ സമ്പാദിക്കാൻ അവസരമൊരുക്കിയെന്നും ആരോപണമുണ്ട്.







