Headlines

‘വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍’; പേര് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി; അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനം

 

സത്യപ്രതിജ്ഞാ സമയത്ത് തന്റെ മുഴുവന്‍ പേര് പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. താന്‍ അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നും അതില്‍ അഭിമാനമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ അച്ഛന്റെ പേര് അതാണ്. അമ്മയുടെ പേര് കൂടി പറയേണ്ടതായിരുന്നു. ഞാന്‍ എംഎല്‍എ ആകുന്നതിന് മുന്‍പ് മരിച്ചുപോയതാണ് രണ്ടുപേരും. എന്റെ ഫുള്‍ നെയിം വായിച്ചു എന്നേയുള്ളു. പാസ്‌പോര്‍ട്ടില്‍ ഒക്കെ അങ്ങനെയല്ലേ. അച്ഛന്റെ പേര് പറയുന്നത് സന്തോഷമാണ്. നിറഞ്ഞ മനസോടെയാണ് പറഞ്ഞത്. മാതാപിതാക്കളെ ഓര്‍ക്കണേ. അമ്മയെ ഞാന്‍ മനസിലും വിചാരിച്ചു. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ് – അദ്ദേഹം പറഞ്ഞു.

 

 

വന്ദേ ഭാരതം ആലാപന വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ലോക്ഭവന്റെ നിര്‍ദേശമായിരുന്നു അത്. സര്‍ക്കാര്‍ അറിഞ്ഞല്ല ആലാപനം നടന്നത്. ഞാനും നില്‍ക്കുമ്പോഴാണ് കേട്ടത്. അതിന്റെ ഇടയില്‍ തടസപ്പെടുത്താന്‍ പറ്റുമോ. ലോക്ഭവനില്‍ നിന്നാണ് ചെയ്തത്. ആലപിക്കുമ്പോള്‍ മാത്രമാണ് അറിഞ്ഞത് – അദ്ദേഹം പറഞ്ഞു.

 

പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ തിണ്ണ നിരങ്ങാന്‍ പോകില്ല എന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിഷപ്പ് ഹൗസില്‍ പോയതില്‍ എന്താണ് കുഴപ്പമെന്നും ചോദിച്ചു.എല്ലാവരുമായി നല്ല ബന്ധം വേണം. എന്നാല്‍, നിലപാടില്‍ മാറ്റമില്ല. വര്‍ഗീയതയോട് സന്ധിയില്ല. അത് യുഡിഎഫ് നിലപാടാണ് – അദ്ദേഹം പറഞ്ഞു.

 

വകുപ്പുകളില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ സ്ഥലത്ത് ഇല്ലാത്തതുകൊണ്ട് നല്‍കിയില്ല. മിനിഞ്ഞാന്ന് രാത്രി ചര്‍ച്ച തീര്‍ന്നു -അദ്ദേഹം പറഞ്ഞു.