‘ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു’; ആധുനിക വിദ്യാഭ്യാസം ഉറപ്പാക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് പിരിച്ചുവിടുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയാണ് പ്രഖ്യാപിച്ചത്. ജൂലൈ ഒന്ന് മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പ്രവർത്തനം തുടരാൻ ആഗ്രഹിക്കുന്ന മദ്രസകൾ ഉത്തരാഖണ്ഡ് ബോർഡ് പാഠ്യപദ്ധതി സ്വീകരിക്കണം. എല്ലാവർക്കും ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് നീക്കത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. സംസ്ഥാന സിലബസ് നടപ്പിലാക്കുന്നതിൽ പരാജയപ്പെടുന്ന മദ്രസകൾ അടച്ചുപൂട്ടൽ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.

സംസ്ഥാന ബോർഡ് സിലബസ് നടപ്പിലാക്കാത്ത മദ്രസകൾ അടച്ചുപൂട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ”വർഷങ്ങളായി പ്രവർത്തിക്കുന്ന മദ്രസ ബോർഡ് പിരിച്ചുവിടാൻ ഞങ്ങൾ തീരുമാനിച്ചു. 2026 ജൂലൈ മുതൽ എല്ലാ മദ്രസകളിലും ഉത്തരാഖണ്ഡ് എജ്യൂക്കേഷൻ ബോർഡ് നിർദേശിക്കുന്ന പാഠ്യപദ്ധതി പഠിപ്പിക്കണം”- ധാമി പറഞ്ഞു.

മദ്രസാ ബോർഡ് പിരിച്ചുവിടാനുള്ള തീരുമാനത്തെ ഹിന്ദു സംഘടനാ നേതാക്കൾ സ്വാഗതം ചെയ്തു. മദ്രസകളിൽ ഇനി മതപഠനത്തിനൊപ്പം സയൻസ്, മാത്തമാറ്റിക്‌സ്, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമെന്ന് സ്വാമി ചിദാനന്ദ് മുനി പറഞ്ഞു. അതേസമയം, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ ‘ദേവഭൂമി’കളിൽ മറ്റു മതസ്ഥരുടെ സാന്നിധ്യം നിയന്ത്രിക്കണമെന്ന തരത്തിലുള്ള പ്രസ്താവനകളും ചടങ്ങിൽ ഉയർന്നു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടോ ചടങ്ങിൽ ഉയർന്ന പരാമർശങ്ങളോടോ പ്രതിപക്ഷ പാർട്ടികളോ മുസ്‌ലിം സംഘടനകളോ നിലവിൽ പ്രതികരിച്ചിട്ടില്ല. മദ്രസാ ബോർഡ് നിർത്തലാക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു. മദ്രസാ ബോർഡ് നിർത്തലാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അംഗം മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ താത്പര്യമാണ് സർക്കാരിന് പ്രധാനമെങ്കിൽ നിലവിലുള്ള ബോർഡ് വഴിയും പരിഷ്‌കാരങ്ങൾ കൊണ്ടുവരാമായിരുന്നു എന്ന് മുസ്‌ലിം ജമാഅത്ത് ദേശീയ അധ്യക്ഷൻ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്വി ബറേൽവി അഭിപ്രായപ്പെട്ടു. ഈ വർഷം ജൂലൈ മുതൽ മദ്രസ ബോർഡ് നിർത്തലാക്കാനുള്ള തീരുമാനം ഉത്തരാഖണ്ഡിൽ പ്രാബല്യത്തിൽ വരും.