Headlines

‘ചെറിയ പ്രകോപനത്തിന് പോലും പ്രതികരിക്കും’; ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി. പാക് സൈന്യം പ്രതീക്ഷകൾക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നാണ് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കി. ചെറിയ പ്രകോപനത്തിന് പോലും യാതൊരു മടിയും കൂടാതെ പ്രതികരിക്കും. മുഴുവൻ മേഖലക്കും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്ക് ആയിരിക്കുമെന്നും അസിം മുനീർ പറഞ്ഞു.
പാകിസ്താന് പതനമുണ്ടായാൽ ലോകത്തിന്റെ പകുതിയും കൂടെ കൊണ്ടുപോകുമെന്ന് നേരെത്തെ അസിം മുനീർ ഭീഷണി മുഴക്കിയിരുന്നു.

പാകിസ്താൻ അതിർത്തിയിൽ താലിബാൻ കനത്ത പ്രഹരമേൽപ്പിച്ചു കൊണ്ടിരിക്കെയാണ് സൈനിക മേധാവി ഇന്ത്യയ്ക്കെതിരേ ഭീഷണിയുമായി രംഗത്തെത്തിയത്. 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ നീട്ടാന്‍ പാകിസ്താനും അഫ്ഗാനിസ്താനും ധാരണയിലെത്തിയിരുന്നു. എന്നാൽ, മണിക്കൂറുകള്‍ക്ക് പിന്നാലെ ഡ്യൂറന്‍ഡ് ലൈനിനോട് ചേര്‍ന്നുള്ള പക്തിക പ്രവിശ്യയില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തിയത് വീണ്ടും പ്രകോപനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെ അഫ്ഗാനുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പാകിസ്താൻ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി. പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇപ്പോൾ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം പാകിസ്താന് ശക്തമായ മുന്നറിയിപ്പ് നൽകിയത്.