ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ. പാകിസ്താൻ ആണവായുധമുള്ള രാജ്യമാണെന്നും ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കുമെന്നുമാണ് ഭീഷണി. അമേരിക്കയിലെ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം മുനീറിന്റെ പരാമർശം. ‘പാകിസ്താൻ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങൾ തകരുകയാണെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കും’ എന്നായിരുന്നു അസിം മുനീർ പറഞ്ഞത്.
സിന്ധുനദിയിൽ ഇന്ത്യ ഡാം പണിതാൽ തകർക്കുമെന്നും അസിം മുനീർ ഭീഷണി മുഴക്കി. “നമ്മൾ ഒരു ആണവ രാഷ്ട്രമാണ്, നമ്മൾ തകരാൻ പോകുകയാണെന്ന് നമ്മൾ കരുതുന്നുവെങ്കിൽ, ലോകത്തിന്റെ പകുതിയും നമ്മളോടൊപ്പം കൊണ്ടുപോകും” അസിം മുനീർ പറഞ്ഞു. അമേരിക്കൻ മണ്ണിൽ നിന്ന് മറ്റൊരു രാജ്യം ആണവ ഭീഷണി മുഴക്കുന്നത് ഇതാദ്യമാണ്.
സിന്ധു നദീജലകരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുനീർ പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും” മുനീർ ഭീഷണി ഉയർത്തി. “സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല” എന്നും അസിം മുനീർ പറഞ്ഞു.