കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ വക്താവായി മാറുന്നെന്ന് എൻകെ പ്രേമചന്ദ്രൻ എംപി. കമ്മീഷന്റെത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നവരെ കമ്മീഷൻ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും എൻകെ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തുമെന്നും 300 ഓളം പാർലമെന്റ് അംഗങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ കഴിഞ്ഞ 16 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നു. പാർലമെന്റിൽ ചർച്ച ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് നിഷേധാത്മകമാണെന്ന് എൻകെ പ്രേമചന്ദ്രൻ വിമർശിച്ചു. രേഖാമൂലം പ്രതിപക്ഷ പാർട്ടികൾ എസ്ഐആറിൽ വിയോജിപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.
വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇന്ത്യാ മുന്നണിയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11:30ന് പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മാർച്ച്. കർണാടകയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന രാഹുൽഗാന്ധിയുടെ ആരോപണം ഉയർത്തി ആണ് പ്രതിഷേധം.തുടർ നടപടികൾ ചർച്ചചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേക യോഗം ചേരും. വൈകിട്ട് 4 മണിക്ക് എഐസിസിയിൽ ചേരുന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും പങ്കെടുക്കും. വോട്ടർപട്ടിക ക്രമക്കേടിൽ സംസ്ഥാനവ്യാപകമായി ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം. വൈകിട്ട് 7 മണിക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി നേതാക്കൾക്കായി അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.