ഇന്ത്യ മുന്നണിയുടെ യോഗം ഈ മാസം ഏഴിന്; ടിഎംസി യോഗത്തില്‍ പങ്കെടുക്കും

ഇന്ത്യ മുന്നണിയുടെ യോഗം ഈ മാസം 7ന്. ടിഎംസി യോഗത്തില്‍ പങ്കെടുക്കും. വരുന്ന വെള്ളിയാഴ്ച ഇന്ത്യ മുന്നണിയിലെ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബീഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും യോഗത്തില്‍ മുഖ്യ അജണ്ടയാകും.

ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യ മുന്നണി സജീവമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം ദേശീയ വിഷയമായി ഉയര്‍ത്തി പ്രതിഷേധിക്കാനാണ് നീക്കം. വരുന്ന വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും മുഖ്യഅജണ്ടയായി വച്ച് ചര്‍ച്ച ചെയ്യും.

യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ശേഖരിച്ച തെളിവുകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നേതാക്കളോട് വിവരിക്കും. ശേഷം രാഹുല്‍ മുന്നണി നേതാക്കള്‍ക്ക് അത്താഴ വിരുന്ന് ഒരുക്കും. ഓഗസ്റ്റ് അഞ്ചിന് തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ ബെംഗളൂരുവില്‍ നടക്കുന്ന പ്രതിഷേധം രാഹുല്‍ ഗാന്ധി നയിക്കും.

ഈ മാസം 8ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയിലെ എംപിമാര്‍ വന്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. പാര്‍ലമെന്റില്‍ നിന്നായിരിക്കും മാര്‍ച്ച് ആരംഭിക്കുക. ഇന്ത്യ മുന്നണി യോഗത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പങ്കെടുക്കും എന്നാണ് വിവരം. ആംആദ്മി വിട്ട് നില്‍ക്കാന്‍ ആണ് സാധ്യത. ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ ആംആദ്മി പാര്‍ട്ടിയും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ മുന്നണിയുമായി വീണ്ടും കൈകോര്‍ത്ത് പോരാടുമോ എന്നാണ് ഉയരുന്ന ചോദ്യം.