ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകും

പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ദമാകാൻ സാധ്യത. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം പാർലമെന്റിലും പുറത്തും കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധി ഇന്ന് ബംഗളൂരുവിൽ തിരഞ്ഞെടുപ്പ് കമ്മീഷന് എതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം പാർലമെന്റിൽ ഇന്നും കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ഉന്നയിക്കും.

ഇന്ത്യക്കുള്ള ഇറക്കുമതി തീരുവ ഇനിയും വർധിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭീഷണിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. പ്രതിപക്ഷ പ്രതിഷേധത്തിൽ കഴിഞ്ഞദിവസം ലോക്സഭ തടസ്സപ്പെട്ടിരുന്നു. കായിക ബില്ലിൽ ചർച്ചയ്ക്ക് സഹകരിക്കണമെന്ന് ഭരണപക്ഷത്തിന്റെ ആവശ്യം തള്ളി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിമർശനം പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം ഇന്ന് പാർലമെന്റിൽ ആയുധമാക്കുമെന്നാണ് സൂചന.

അതേസമയം പാർലമെന്ററി പാർട്ടി യോഗം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് യോഗം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട എന്നാണ് വിവരം. തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ വ്യാഴാഴ്ച ആരംഭിക്കാൻ ഇരിക്കെയാണ് യോഗം ചേരുന്നത്. ബിഹാർ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധവും സഭ നടപടികൾ തുടർച്ചയായി തടസ്സപ്പെടുന്നതും ചർച്ചയാകും. ഭരണകക്ഷി എന്ന നിലയിൽ എംപിമാർ സ്വീകരിക്കേണ്ട നയം യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിക്കും.