ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകാന്‍ സാധ്യത. ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. എന്നാല്‍ വിഷയം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഭരണ പ്രതിപക്ഷ വാക്‌പോരില്‍ സഭാ നടപടികള്‍ ഇന്നും തടസപ്പെട്ടേക്കും. 69 ലക്ഷം പേരെ പുറത്താക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റിലെ ഇരുസഭകളിലും വീണ്ടും ചര്‍ച്ച ആവശ്യപ്പെടും. സഭയ്ക്ക് പുറത്തേക്കും പ്രതിഷേധം വ്യാപിപിക്കാന്‍ ഇന്ത്യ ഇന്ത്യ സഖ്യം ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിക്കാനും ആലോചനയുണ്ട്.

ഇന്ത്യക്ക്‌മേല്‍ വീണ്ടും 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. പാര്‍ലമെന്റ് കവാടത്തില്‍ ഇന്നും ഇന്ത്യ മുന്നണി നേതാക്കള്‍ പ്രതിഷേധിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതിയുടെ വിമര്‍ശനം ആയുധമാക്കാനാണ് ബിജെപിയുടെ നീക്കം.

അതേസമയം, ഇന്ത്യാ സഖ്യത്തിന്റെ യോഗം ഇന്ന് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. ബിഹാര്‍ വോട്ടര്‍പട്ടിക വിവാദം ദേശീയ വിഷയമായി ഉയര്‍ത്താനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇന്ത്യാസഖ്യത്തിന്റെ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. ആം ആദ്മി പാര്‍ട്ടി ഒഴികെ സഖ്യത്തിലെ മറ്റു പാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.