പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചിരുന്നു. നല്ല രീതിയിൽ കോർഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം നിയമസഭയിൽ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എകെ ആന്റണിക്ക് നീരസം ഉണ്ടായിട്ടില്ല. ആർക്കും നീരസമില്ല. എ കെ ആന്റണിക്ക് കൂടുതൽ കാര്യങ്ങൾ അറിയുന്നത് കൊണ്ടാണ് മുത്തങ്ങ വിഷയത്തിൽ പ്രതികരിച്ചതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.