Headlines

കത്ത് ചോര്‍ച്ച വിവാദം: നിയമ നടപടിയുമായി എം വി ഗോവിന്ദന്‍; മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു

സിപിഐഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല് നോട്ടീസ് അയച്ചു. അഡ്വ. രാജഗോപാല്‍ നായര്‍ മുഖേനെയാണ് നോട്ടീസ് അയച്ചത്. ആരോപണങ്ങള്‍ 3 ദിവസത്തിനുള്ളില്‍ പിന്‍വലിക്കണം. ആരോപണം ഉന്നയിച്ച മാധ്യമങ്ങളിലൂടെ തന്നെ പിന്‍വലിച്ച് ഖേദ പ്രകടനം നടത്തണം എന്നാണ് നോട്ടീസില്‍ പറയുന്നത്.

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൊതുജനമധ്യത്തില്‍ ആക്ഷേപമുണ്ടാക്കാന്‍ ശ്രമിച്ചു, മാനഹാനിയുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് നിയമപരമായ നടപടി സ്വീകരിച്ചത്. കത്ത് ചോര്‍ന്നു എന്ന ആരോപണവും വക്കീല്‍ നോട്ടീസില്‍ നിഷേധിക്കുന്നുണ്ട്. കത്ത് പൊതു മധ്യത്തിലുള്ളതെന്നും നോട്ടീസില്‍ പറയുന്നുണ്. രാജേഷ് കൃഷ്ണയും ഇതേ വാദമാണ് ഉന്നയിക്കുന്നത്.

കത്ത് വിവാദം അസംബന്ധം എന്ന് പറയുന്നതിന് മുമ്പ് എം വി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. എന്നാല്‍ അസംബന്ധം എന്ന് പറയുന്നതിന് മുന്‍പ് മകനോട് ചോദിക്കണമായിരുന്നു എന്ന് പരാതിക്കാരന്‍ മുഹമ്മദ് ഷെര്‍ഷാദിന്റെ മറുപടി. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ എല്ലാ തെളിവുകളും തന്റെ കയ്യിലുണ്ട്. കത്ത് ചോര്‍ത്തിയത് ശ്യാംജിത്താണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും മുഹമ്മദ് ഷെര്‍ഷാദ് പറഞ്ഞു.