കത്ത് ചോര്‍ച്ച വിവാദത്തിനിടെ സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പാര്‍ട്ടി നേതാക്കള്‍ യുകെയിലെ വ്യവസായി രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നെന്ന ആരോപണം യോഗത്തില്‍ ചര്‍ച്ച ആകുമെന്നാണ് വിവരം. ചോര്‍ച്ചക്ക് പിന്നില്‍ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് കാണിച്ച് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎം ബേബിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ഇന്ന് പി ബി യോഗത്തിന് മുന്നില്‍ വരുമെന്നാണ് നേതാക്കളില്‍ നിന്നും ലഭിക്കുന്ന സൂചന. വിഷയത്തില്‍ പി ബി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും
ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിന്റെ പരാതി കത്ത് കോടതിയിലെത്തിയതും അതില്‍ ഉന്നത സിപിഐഎം നേതാക്കള്‍ക്കെതിരെ ഉള്‍പ്പെടെ ആരോപണങ്ങളുണ്ടായിരുന്നതുമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ആരോപണ വിധേയന്‍ രാജേഷ് കൃഷ്ണ മാധ്യമങ്ങള്‍ക്കെതിരെ നല്‍കിയ മാനനഷ്ട കേസിലാണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തിയത്. പരാതി ചോര്‍ത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനാണെന്ന ഗുരുതര ആരോപണവുമായി മുഹമ്മദ് ഷര്‍ഷാദ് വീണ്ടും ജനറല്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കുകയായിരുന്നു.
ചെന്നൈ വ്യവസായിയായ മുഹമ്മദ് ഷര്‍ഷാദ് 2021ലാണ് സംസ്ഥാന മന്ത്രിമാരുടെ അടക്കം സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത ആരോപിച്ച് സിപിഐഎം പിബി അംഗം അശോക് ദാവ്‌ളയ്ക്ക് പരാതി നല്‍കിയത്. പരാതിയില്‍ തുടര്‍ നടപടികളുണ്ടായില്ലെങ്കിലും, കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടന്‍ പ്രതിനിധിയായി ആരോപണ വിധേയനായ രാജേഷ് കൃഷ്ണയെ ഉള്‍പ്പെടുത്തി. ഇതിനെതിരെ പരാതിക്കാരനായ മുഹമ്മദ് ഷര്‍ഷാദ് വീണ്ടും രംഗത്തെത്തിയതോടെ പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി പട്ടികയില്‍ നിന്ന് രാജേഷ് കൃഷ്ണയെ ഓഴിവാക്കി. പക്ഷേ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെിരെ രാജേഷ് കൃഷ്ണ മാനനഷ്ട കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് 2021 ലെ പരാതിയും ഉള്‍പ്പെടുത്തിയത്.