Headlines

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കും, ആറ് മാസത്തിനകം റിപ്പോർട്ട്

കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ ആറ് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അന്വേഷണ സമിതി. സുരക്ഷാ വീഴ്ച ഉണ്ടായോയെന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചു. സംസ്ഥാനത്തെ മുഴുവൻ ജയിലുകളിലെയും സാഹചര്യങ്ങൾ പഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാരുടെ അമിത ബാഹുല്യവും ജീവനക്കാരുടെ കുറവും പരിശോധിക്കുമെന്നും അന്വേഷണ സമിതി കൂട്ടിച്ചേർത്തു

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ നിഗമനം. ജയിൽ സുരക്ഷയുള്ളവർ അന്നത്തെ ദിവസം രാത്രി ഡ്യൂട്ടി പോയിൻറ്റുകളിൽ ഉണ്ടായിരുന്നില്ലെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ് എത്തി. ജയിൽ അധികൃതരുടെ മൊഴിയെടുത്തപ്പോൾ തടവുകാർ കൂടുതലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കുറവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഗോവിന്ദച്ചാമിയുടെ സെല്ലിലെ സഹ തടവുകാരൻ തേനി സുരേഷിന്റെ മൊഴിയും നിർണ്ണായകമാണ്. രാത്രികാലങ്ങളിൽ പലപ്പോഴായും ഗോവിന്ദച്ചാമി ഉറങ്ങാറില്ലെന്നും ജയിൽ ചാട്ടത്തിനായി തയ്യാറെടുക്കാറുണ്ടായിരുന്നുവെന്നും ജയിലിൽ അഴി രാകാറുണ്ടെന്നും സഹതടവുകാരൻ സുരേഷ് മൊഴി നൽകിയിരുന്നു. എന്നാൽ ഗോവിന്ദച്ചാമിയുടെ ജയിലിൽ ചാട്ടം കാരണം ജയിലിനകത്തെ സ്വാതന്ത്ര്യം ഇല്ലാതായി എന്നാണ് തടവുകാരിൽ ഭൂരിഭാഗം ആളുകളുടെയും മൊഴി.

കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി. കഴിഞ്ഞ മാസം 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്.പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിപ്പോയത്.പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു. കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി.