രാഷ്ട്രീയത്തിന്റെ പേരിൽ സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരിക്കരുതെന്ന് മുൻ മന്ത്രി പി രാജീവ്. സൗജന്യ ഭക്ഷണ വിതരണം അനുവദിക്കാതിരുന്നാൽ അത് സർക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും പി രാജീവ് പറഞ്ഞു.
ഡിവൈഎഫ്ഐ നടത്തിയ പ്രവർത്തനങ്ങൾ പിന്നീട് പലരും മാതൃകയാക്കിയിട്ടുണ്ട്. കേരളത്തിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അണിനിരന്നിട്ടുള്ള പ്രവർത്തനങ്ങളിൽ ഒന്ന് തന്നെയാണ് പൊതിച്ചോർ വിതരണം. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ആദ്യമായി ഡിവൈഎഫ്ഐ പൊതിച്ചോർ വിതരണം ആരംഭിച്ചത്. അന്ന് മുതൽ നല്ല പ്രശംസ ലഭിച്ചിരുന്ന പദ്ധതിയാണിത്. എല്ലാവരും അതിനായി സഹകരിക്കുകയും ചെയ്തിരുന്നു. അങ്ങിനെയാണ് പദ്ധതി മറ്റ് പല മെഡിക്കൽ കോളജുകളിലേക്കുമായി വ്യാപിപ്പിച്ചത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നല്ല പദ്ധതികൾ ഇല്ലാതാക്കിയാൽ അതിന്റെ ദോഷം സർക്കാരിന് തന്നെയാണ് പി രാജീവ് കൂട്ടിച്ചേർത്തു.അതേസമയം, ആരൊക്കെ എതിർത്താലും പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ്റ് വി വസീഫ് പറഞ്ഞു. എന്നാൽ ആശുപത്രികൾക്കകത്ത് രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവർത്തിച്ചു. ഡിവൈഎഫ്‌ഐയുടെ മാത്രമല്ല യൂത്ത് കോൺഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്ക് ഉള്ളിൽ അനുവദിക്കില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചൻ വഴി മാത്രം ആശുപത്രിക്കുള്ളിൽ ഭക്ഷണം നൽകാവൂ. യുഡിഎഫ് സർക്കാരിന്റെ നയമാണത്. സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.








