Headlines

‘ഭക്ഷണ പൊതി വിതരണത്തെ സർക്കാർ തടയേണ്ട കാര്യമില്ല; കമ്മ്യൂണിറ്റി കിച്ചൺ കേരളത്തിൽ നടപ്പാവില്ല’; വിമർശിച്ച് കെ സുരേന്ദ്രൻ

 

സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണം വേണ്ടെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ തീരുമാനത്തെ വിമർശിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ഭക്ഷണ പൊതി വിതരണത്തെ സർക്കാർ തടയേണ്ട കാര്യമില്ല. ഭക്ഷണം നൽകുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ല. പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണില്ലായിരുന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

 

 

ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണ്. കമ്മ്യൂണിറ്റി കിച്ചൺ കേരളത്തിൽ നടപ്പാവില്ലെന്നും ആരോഗ്യ മന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഭക്ഷണ വിതരണത്തെ സർക്കാർ തടസപ്പെടുത്തുന്നതിന്റെ കാര്യം മനസിലാകുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

സർക്കാർ ആശുപത്രികളിൽ സന്നദ്ധസംഘടനകളും യുവജനസംഘടനകളും ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനെ എന്തിനാണ് പുതിയ സർക്കാർ തടസ്സപ്പെടുത്തുന്നതെന്തിനെന്നു മനസിലാവുന്നില്ല. ഇതിൽ രാഷ്ട്രീയം കാണേണ്ട ഒരു കാര്യവുമില്ല. പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ ബഹുമാനപ്പെട്ട കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല. പിന്നെ ഭക്ഷണം കൊടുക്കുന്നവരുടെ ഐഡൻറ്റിറ്റി അറിയുന്നത് നല്ലതാണ്. കാരണം ഭക്ഷണം വൃത്തിയുള്ളതും കഴിച്ചതുമൂലം ഒരപകടവും വരാതിരിക്കാനും കൊടുക്കുന്നവർക്ക് ഉത്തരവാദിത്വമുണ്ടല്ലോ. പിന്നെ കമ്യൂണിറ്റി കിച്ചൻ ഒന്നും കേരളത്തിൽ നടപ്പാവില്ല. കോവിഡ് കാലത്തുതന്നെ അതു പൊളിഞ്ഞ് പാളീസായതാണ്. ഈ കാര്യത്തിൽ ദുരഭിമാനം വെടിയുന്നതായിരിക്കും ആരോഗ്യവകുപ്പിന് നല്ലത്.