Headlines

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം: ഡോക്ടറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ KGMOA

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി ഡോക്ടേഴ്സിന്റെ സംഘടന കെജിഎംഒഎ. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അടിയന്തര സേവനങ്ങൾ ഒഴികെയുള്ള സേവനങ്ങൾ ബഹിഷ്കരിച്ച് പ്രതിഷേധം സംഘടിപ്പിക്കും. വിദഗ്ധ സമിതിയുടെ ശാസ്ത്രീയ അന്വേഷണം പൂർത്തിയാകുന്നതിന് മുൻപേ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത നടപടി പ്രതിഷേധാർഹവും നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് കെജിഎംഒഎ പറഞ്ഞു.സംഭവത്തിന്റെ സത്യാവസ്ഥ വിലയിരുത്താതെ ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നടപടികൾ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. രോഗി പരിചരണത്തിനിടയിൽ സംഭവിക്കുന്ന സ്വാഭാവിക സങ്കീർണതകളെ ചികിത്സാ പിഴവായി മുദ്രകുത്തി ആൾക്കൂട്ട വിചാരണയും ആശുപത്രി അതിക്രമവും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പരിമിതമായ സാഹചര്യങ്ങളിൽ ലഭ്യമാകുന്ന എല്ലാ ചികിത്സയും അവിടെ അമ്മയ്ക്കും കുഞ്ഞിനും നൽകിയിട്ടുണ്ടെന്നും മറ്റ് ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും കെജിഎംഒഎ പറയുന്നു.വിദഗ്ധസമിതിയുടെ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിൽ വയ്ക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ ആൾക്കൂട്ട വിചാരണയിലൂടെ അല്ല, ശാസ്ത്രീയമായ വിലയിരുത്തലിലൂടെ മാത്രമേ തീരുമാനങ്ങളിലെത്താവൂ എന്നും സംഘടന ആവശ്യപ്പെട്ടു. ഡോക്ടർ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും അതിന് ഒരു തെളിവും അധികാരികൾക്ക് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലാ മെഡിക്കൽ ഓഫീസറെയും ആശുപത്രി സൂപ്രണ്ടിനെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്ത സംഭവത്തെ കെജിഎംഒഎ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായും കെജിഎംഒഎ അറിയിച്ചു.

ആരോഗ്യസ്ഥാപനങ്ങളിൽ അക്രമവും ഭീഷണിയും സൃഷ്ടിക്കുന്ന പ്രവണതകൾ പൊതുജനാരോഗ്യ സംവിധാനത്തിന് ഗുരുതര ഭീഷണിയാണ്. ആരോഗ്യപ്രവർത്തകരെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്ന പ്രവണത സംഘടന ഗൗരവമായി കാണുന്നുവെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അപകീർത്തിപ്പെടുത്തിയ വ്യക്തികൾക്കും സംഘടനകൾക്കും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഉചിതമായ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാനവ്യാപകമായി സമരം വ്യാപിപ്പിക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകി.